ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ വിവിധ നിയമസഭ മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥരെ നിശ്ചയിച്ചു. ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ല കളക്ടർ അലക്‌സ് വർഗീസ്, പൊതു നിരീക്ഷകൻ പ്രജേഷ് കുമാർ റാണ , മാവേലിക്കര മണ്ഡലം പൊതു നിരീക്ഷകൻ നാരായണ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേർഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ് ഉദ്യോഗസ്ഥരെ നിശ്ചയിച്ചു. ജില്ലയിൽ ആകെയുള്ള 1,706 ബൂത്തുകളിലായി 4,102 പോളിംഗ് ഉദ്യോഗസ്ഥരാണുള്ളത്. 2,051 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുമുണ്ട്. 20 ശതമാനം ഉദ്യോഗസ്ഥരെ റിസർവ് ആക്കി നിയോഗിച്ചിട്ടുണ്ട്. അരൂർ :220, ചേർത്തല: 243, ആലപ്പുഴ: 252, അമ്പലപ്പുഴ :227, കുട്ടനാട്: 207, ഹരിപ്പാട്: 219, കായംകുളം: 222, മാവേലിക്കര: 230, ചെങ്ങന്നൂർ: 231 വീതമാണ് മണ്ഡലാടിസ്ഥാനത്തിലെ പ്രിസൈഡിങ് ഓഫീസർമാരുടെയും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെയും എണ്ണം.