ആലപ്പുഴ : അരയുംതലയും മുറുക്കിയുള്ള പോരാട്ടത്തിന്റെ ചൂട് പ്രചരണ വേദികളിൽ പ്രകടം. ത്രികോണമത്സരം നടക്കുന്ന ആലപ്പുഴയിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും തുല്യശക്തിയിലാണ് പോരാടുന്നത്.
ചേർത്തല നിയോജക മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ ഇന്നലത്തെ പര്യടനം. രാവിലെ 7.30 യോടെ ആറാട്ടുവഴി കടപ്പുറത്ത് പര്യടനത്തിന് തുടക്കം. ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. ഓരോ ഇടങ്ങളിലും പ്രവർത്തകർ പടക്കം പൊട്ടിച്ചും പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയുമാണ് സ്വീകരണം ഒരുക്കിയത്.
തുടർന്ന് വെട്ടയ്ക്കൽ ജംഗ്ഷൻ, അത്തിക്കാട്, പൊന്നാം വെളി, വെള്ളാഴത്തുകവല, പൂജവെളി,
ഇന്ദിര ജംഗ്ഷൻ, കളവംകോടം ക്ഷേത്രത്തിന് തേക്കുവശം, കടക്കരപ്പള്ളി മാർക്കറ്റ്,
കൊട്ടാരം ശാസ്താംകവല, തൈക്കൽ ബീച്ച്, വെളോർവ്വട്ടം, മുപ്പത്തി ഒന്നാം വാർഡ് അംഗൻവാടി, ഷണ്മുഖ ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം 12.45 ന്
പുരുഷൻ കവലയിൽ ഉച്ചവരെയുള്ള പര്യടനം സമാപിച്ചു. പട്ടണക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കയർ മേഖലയിലെ തൊഴിലാളികളുമായി തറമൂട് കയർ വ്യവസായ സഹകരണസംഘത്തിൽ സംവാദം നടത്തി. കയറു പിരിക്ക് 300 രൂപ പോലും ദിവസം കിട്ടുന്നില്ല മോനേ എന്നാണ് കയറുപിരി തൊഴിലാളിയായ കനകമ്മ സ്ഥാനാർത്ഥിയോട് സങ്കടം പറഞ്ഞത്. കെ .സി.വേണുഗോപാൽ കനകമ്മയുടെയും മറ്റ് കയറുപിരി തൊഴിലാളികളുടെയും സങ്കടവും പരാതികളും കേട്ടു. തൊഴിലാളികൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കെ.സി മടങ്ങിയത്.
ആഘോഷപൂർവ്വമായ സ്വീകരണങ്ങളുടെ നടുവിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ ഇന്നലത്തെ ദിനം. പല്ലന കുമാരകോടിയിൽ ആരംഭിച്ച പര്യടനം രാത്രി വൈകി പീടികയിൽ ലക്ഷംവീട്ടിലാണ് സമാപിച്ചത്. ഇരുപത്തിയെട്ട് കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. പല്ലന കുമാരകോടിയിൽ കുമാരനാശാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചേപ്പാട് കാട്ടൂർ ജംഗ്ഷനിൽ വനിതകൾ തിരുവാതിര കളിച്ചാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. പല കേന്ദ്രങ്ങളിൽ മുത്തുക്കൂടയും ആർപ്പുവിളിയുമായാണ് ആരിഫിനെ പ്രവർത്തകർ വരവേറ്റത്.