ചേർത്തല: അമൃത് പദ്ധതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് ചേർത്തല നഗരസഭ പത്താം വാർഡ് കൗൺസിലറിന്റെ നേതൃത്വത്തിൽ നടത്തിയ സമരം ഫലംകണ്ടു. കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് കുടിവെള്ള കണക്ഷൻ വിതരണം ഊർജ്ജിതമാക്കാൻ കരാറുകാരന് നിർദ്ദേശം നൽകി.അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ചർച്ചയിലാണ് ധാരണയായത്. നഗരസഭയും ജല അതോറിട്ടി ഉദ്യോഗസ്ഥരും ചേർന്ന് കേന്ദ്ര പദ്ധതിയായ അമൃത് അട്ടിമറിക്കുകയാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കൗൺസിലർ ആശാ മുകേഷിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ എ.എക്സ്.ഇയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. നഗരസഭയിലെ 35 വാർഡുകളിലുമായി ഇനി 1500ലധികം കണക്ഷനുകളാണ് നൽകാനുള്ളത്. ഇതിനിടെ ലൈസൻസ്ഡ് പ്ലമ്പേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൂടുതൽ പണി നൽകണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതോടെ കണക്ഷൻ വിതരണം നിർത്തിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എ.എക്സ്.ഇ സിന്ധു സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ കെ. പണിക്കർ,പി. പ്രശാന്ത്, ജില്ലാ കമ്മിറ്റി അംഗം എസ്. പത്മകുമാർ, കൗൺസിലർ ആശാ മുകേഷ്, ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ,ചേർത്തല പൊലീസ് സബ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ, കരാറുകാരൻ റോയ് വർഗീസ് എന്നിവർ പങ്കെടുത്തു.