
അമ്പലപ്പുഴ : കുഴഞ്ഞുവീണ കർഷക തൊഴിലാളി മരിക്കാനിടയായത്, റോഡ് സൗകര്യത്തിന്റെ അഭാവം കാരണം യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതിരുന്നതുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പന്ത്രണ്ടിൽ ചിറയിൽ വിജയകുമാറാണ് (കുട്ടൻ, 48) മരിച്ചത്. കാട്ടുകോണം പാടശേഖരത്തിന്റെ വടക്കേ ബണ്ടിലാണ് വിജയകുമാറിന്റെ വീട്.
തിങ്കളാഴ്ച രാത്രി 8.30 ഓടെ വീട്ടിൽ കുഴഞ്ഞുവീണ വിജയകുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഒന്നര കിലോമീറ്റർ ദൂരം പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ റോഡിലേക്കെത്തിക്കാൻ വൈകി. ഈ പുറംബണ്ടിലൂടെയുള്ള ഓട്ടത്തിന് ഓട്ടോറിക്ഷക്കാർ വരാറില്ല. നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവർ എത്തിയെങ്കിലും വളരെ സാവധാനമേ മോശം വഴിയിലൂടെ ഓട്ടോ കടന്നുപോയുള്ളൂ. സമീപത്തെ റോഡിലെത്തിച്ച് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിജയകുമാർ മരിച്ചിരുന്നു. വിജയകുമാറിന്റെ സംസ്ക്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ശാന്ത. മക്കൾ: അഞ്ജലി, അനന്തു.
റോഡ് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യം
 കാട്ടുകോണം പാടശേഖരത്തിന്റെ വടക്കേ ബണ്ടിലൂടെ റോഡ് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യം
 റോഡ് നിർമ്മിച്ചാൽ 200 ഓളം കുടുംബങ്ങൾക്കും 3 പാടശേഖരങ്ങളിലെ കർഷകർക്കും തൊഴിലാളികൾക്കും പ്രയോജനപ്പെടും
 പണ്ടുകാലത്ത് ബണ്ടിനോടുള്ള തോട്ടിലൂടെ വള്ളത്തിലായിരുന്നു പ്രദേശവാസികൾ റോഡിൽ എത്തിയിരുന്നത്
 എന്നാൽ, തോട് മുഴുവൻ പായൽ നിറഞ്ഞതോടെ ജലഗതാഗതവും നിലച്ചു
രോഗികൾ ബന്ധുവീടുകളിൽ
പ്രദേശത്തെ കിടപ്പു രോഗികളേയും അത്യാസന്ന നിലയിലുള്ള രോഗികളേയും റോഡുസൗകര്യമുള്ള ബന്ധുവീടുകളിലാണ് താമസിപ്പിച്ചിട്ടുള്ളത്. കാലവർഷമാകുമ്പോൾ ബണ്ടിന് മുകളിൽ വെള്ളംകയറി കാൽനടയാത്ര പോലും ദുഷ്കരമാകും. കുറച്ചു മാസങ്ങൾക്ക് മുമ്പ് വിജയകുമാറിന്റെ അയൽവാസിയായ മൂലേച്ചിറ ശശിയും (55) യഥാസമയം ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ബണ്ടിൽ നിന്ന് തോട്ടിൽ വീണ ശശിയെ ആശുപത്രിയിലെത്തിക്കാൻ വൈകുകയായിരുന്നു.
റോഡ് യാഥാർത്ഥ്യമായാൽ നാലു പാടം, കാട്ടുകോണം, നാനേകാട് പാടശേഖരങ്ങളിലെ 500 ഓളം കർഷകർക്കും കർഷക തൊഴിലാളികൾക്കും പ്രയോജനകരമാകും. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 7, 8 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രദേശമാണ് ഇത്. റോഡിനായി സ്ഥലം വിട്ടുനൽകാൻ കർഷകർ തയ്യാറാണ്. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ പാർട്ടികളും റോഡ് നൽകുമെന്ന് വാഗ്ദാനം നൽകുമെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കാറില്ല. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കുന്നത് ആലോചിക്കും
- നാട്ടുകാർ