
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടും അടിയൊഴുക്കുകളും ശക്തമായ ആലപ്പുഴയിൽ ഓരോവോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. ചുട്ടുപൊള്ളുന്ന വെയിലേറ്റ് പ്രചാരണത്തിലായിരിക്കുമ്പോൾ പലപ്പോഴും ഭക്ഷണം പോലും സ്ഥാനാർത്ഥികൾക്ക് കഴിക്കാനാകില്ല. ആലപ്പുഴയിലെ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ഇഷ്ട ഭക്ഷണങ്ങളെ അടുത്തറിയാം.
കെ.സിക്ക് പ്രിയം ചക്കയും മാങ്ങയും
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ നാടൻ ഭക്ഷണപ്രിയനാണ്. പ്രാതലിന് ഇഡലി, പുട്ട്, ഇടിയപ്പം തുടങ്ങിയവയാണിഷ്ടം. നത്തോലി പോലുള്ള ചെറിയ മീനുകൾ കൂട്ടിയാണ് ഊണെങ്കിൽ വയറും മനസും നിറയും. ചിക്കൻ കറിയുമിഷ്ടം. ചക്ക, മാങ്ങ തുടങ്ങിയ നാടൻ വിഭവങ്ങൾ കഴിവതും ഭക്ഷണത്തിലുണ്ടാകും. രാത്രിയിൽ രണ്ട് ചപ്പാത്തിയാണ് ശീലം. ചൂട് കൂടിയതോടെ മോരും വെള്ളവും തണ്ണിമത്തനും മെനുവിൽ ഇടം പിടിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും ഭാര്യയും റിട്ട. പ്രൊഫസറുമായ ഡോ. കെ. ആശ ആലപ്പുഴയിലെ വീട്ടിലെത്തി ഒപ്പം നിൽക്കാറുണ്ട്.
ആരിഫിനിഷ്ടം അരിപ്പത്തിരിയും മുട്ടക്കറിയും
അരിപ്പത്തിരിക്കൊപ്പം താറാവ് മുട്ടക്കറിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫിന് ഏറെയിഷ്ടം. ഒപ്പം പള്ളിയിൽ നിന്നുള്ള കഞ്ഞി കൂടെയുണ്ടെങ്കിൽ നോമ്പ് തുറക്കൽ സമ്പന്നമാകും. എവിടെ നിൽക്കുന്നോ അവിടുത്തെ പള്ളിയിൽ കയറി പ്രാർത്ഥിച്ച് നോമ്പ് മുറിക്കുന്നതാണ് പതിവ്. ചൂട് കടുത്തതോടെ കരിക്കിൻവെള്ളം നിർബന്ധമാക്കി. നോമ്പ് അവസാനിക്കുന്നതോടെ പ്രചാരണത്തിനൊപ്പം കൂടാനാണ് ഭാര്യ ഡോ.ഷഹനാസ് ബീഗത്തിന്റെ തീരുമാനം.
ശോഭയ്ക്കിഷ്ടം സാമ്പാറും രസവും
പ്രചാരണത്തിനിടെ കഞ്ഞിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രാതൽ. മിക്കവാറും പ്രവർത്തകരുടെ ആരുടെയെങ്കിലും വീട്ടിലാകും രാവിലത്തെ ഭക്ഷണം. കഞ്ഞിക്കൊപ്പം പയറും മെഴുക്കുപുരട്ടിയും ഇഷ്ടം. ഉച്ച നേരത്ത് ചോറിനൊപ്പം വെണ്ടയ്‌ക്കാ സാമ്പാറാണ് പ്രിയം. ഒപ്പം രസം കൂടിയുണ്ടെങ്കിൽ കെങ്കേമം. രാത്രി ലഘുഭക്ഷണമാണ് പതിവ്. പൊതുവേ നാടൻ വിഭവങ്ങളോടാണ് ഇഷ്ടം. മക്കൾ രണ്ട് പേരും ഒപ്പമുള്ളപ്പോഴാണ് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.