ആലപ്പുഴ : പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായുളള മഴക്കാല പൂർവശുചീകരണം എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും മേയ് 20നകം പൂർത്തിയാക്കും. മഴക്കാല പൂർവ്വ പ്രതിരോധ യജ്ഞവുമായി ബന്ധപ്പെട്ട ജില്ലാതല കോർ കമ്മിറ്റി അദ്ധ്യക്ഷനായ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.ഇ.വിനോദ്കുമാർ പ്രവർത്തന പരിപാടിയും ആരോഗ്യവിഭാഗം ജില്ലാ സർവെയലൻസ് ഓഫീസർ ഡോ.ജീന ഹോട് സ്‌പോട്ടുകൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.ജനകീയ പങ്കാളിത്തത്തോടെ എല്ലാ വാർഡുകളിലും മഴക്കാല പൂർവ്വ ശുചീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശുചീകരണ പ്രവർത്തനങ്ങളിൽ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് തൊഴിലാളികൾ, ഹരിതകർമ്മസേന, അങ്കണവാടി ടീച്ചേഴ്സ് ആൻഡ് വർക്കേഴ്സ്, ആശാ പ്രവർത്തകർ, റെസിഡന്റ്സ് അസോ., ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുതലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതിന്റെ ചുമതല വാർഡുതല ശുചിത്വസമിതികൾക്കാണ്.

......

ഡ്രൈ ഡേ
കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി , ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ എല്ലാ വെളളിയാഴ്ചകളിലുമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

.......
ഫണ്ട് വിനിയോഗം
തദ്ദേശസ്വയംഭരണസ്ഥാപനത്തിന് വാർഡ് ഒന്നിന് 30000 രൂപ ചെലവഴിക്കാം . കഴിഞ്ഞ രണ്ട് വർഷങ്ങളായി ഹോട് സ്‌പോട്ടായി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളിൽ ശുചീകരണത്തിനായി കൂടുതൽ തുക ആവശ്യമാകുന്ന സാഹചര്യമുണ്ടെങ്കിൽ, കൗൺസിലിന്റെ അംഗീകാരത്തോടെ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നും അധികമായി 10000 രൂപ ചെലവഴിക്കാം.