
ആലപ്പുഴ : ഭാര്യയുടെ ഓർമ്മയ്ക്കായി രണ്ട് സാധു കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് കൈമാറി കാരുണ്യ പ്രവർത്തകൻ മാതൃകയായി. പാതിരപ്പള്ളി കാരുണ്യദീപം പ്രേക്ഷിതഭവനത്തിന്റെ പ്രസിഡന്റ് പി.എൽ. വർഗ്ഗീസാണ് തൻെ ഭാര്യ മേരിക്കുട്ടി വർഗ്ഗീസിന്റെ ഓർമ്മയ്ക്കായി വീടുകൾ നിർമ്മിച്ച് നൽകിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15 -ാം വാർഡിൽ ഓമനപ്പുഴ സ്വദേശിനി ജീൻ മേരി, 8-ാം വാർഡിൽ പഴയകാട് സ്വദേശിയായ തുളസി എന്നിവർക്കാണ് 15,70000 രൂപ ചെലവിട്ട് വീട് നിർമ്മിച്ചുനൽകിയത്. പാതിരപ്പള്ളി പാടത്ത് വലിയ വീട്ടിൽ പി.എൽ വർഗ്ഗീസിന്റെ ഭാര്യ രണ്ട് വർഷം മുമ്പാണ് മരണപ്പെട്ടത്. 25 വർഷമായി ആശുപത്രികൾ സന്ദർശിച്ച് സാധുക്കളായ രോഗികളെ സഹായിക്കുന്ന വർഗ്ഗീസ് 16 വർഷമായി പാതിരപ്പള്ളിയിൽ കാരുണ്യദീപം ആശ്രയ കേന്ദ്രം നടത്തിവരികയാണ്. ആലപ്പുഴ മംഗലം വാർഡിലെ ഒരു സാധു കുടുംബത്തിന്റെ വീട് നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്.അടുത്തമാസം ഇതിന്റെതാക്കോൽ ദാനം നടക്കും. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.പി ഷാജി, സിബി ബാസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.