ഹരിപ്പാട്: കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലത്തിന്റെ മുടങ്ങിക്കിടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.

പാലത്തിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമ്മാണത്തിന് ഭരണാനുമതി നൽകിയത്. ടെണ്ടർ പൂർത്തീകരിച്ച് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് 2017ലാണ്. 28കോടി രൂപയായിരുന്നു അടങ്കൽ തുക. 2014 ലെ ഡി.എസ്.ആർ പ്രകാരമാണ് എസ്റ്റിമേറ്റ് നിർണ്ണയിച്ചിരുന്നത്. എന്നാൽ നിർവ്വഹണത്തിലെ വീഴ്ച്ചകൾ കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കരാർ റദ്ദാക്കുകയും ബാക്കി ജോലികൾ റീടെണ്ടർ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനായി റീടെണ്ടർ 4 തവണ ക്ഷണിച്ചെങ്കിലും കരാറുകാരിൽ നിന്നും പ്രതികരണം ലഭിച്ചിരുന്നില്ല. അവസാനമായി കരാറെടുത്ത കമ്പനി 89ശതമാനം ഉയർന്ന നിരക്കാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ധനകാര്യവകുപ്പ് നിരസിച്ചു.

രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് 2018ലെ ഡി.എസ്.ആർ പ്രകാരം എസ്റ്റിമേറ്റ് പരിഷ്‌കരിക്കുകയും അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഇതിനുള്ള തുക ഉൾക്കൊള്ളിച്ചു. തുടർന്ന് വർക്ക് രണ്ട് തവണ ടെണ്ടർ ചെയ്തപ്പോഴും ഒരു കരാറുകാരൻ മാത്രമാണ് പങ്കെടുത്തത്. 43 ശതമാനം അധിക നിരക്കാണ് ആവശ്യപ്പെട്ടത്. കരാറിന്റെ അംഗീകാരത്തിനായി ഫയൽ സർക്കാരിലേക്ക് അയച്ചെങ്കിലും റീടെണ്ടർ ചെയ്യുന്നതിനായിരുന്നു നിർദ്ദേശം. ഇതിലും 40ശതമാനം അധികനിരക്കാണ് കരാറുകാരൻ ആവശ്യപ്പെട്ടത്. ഈ ഫയൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിന് കൈമാറി. ധനകാര്യവകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ പരിഗണനയിലാണ് ഇതിപ്പോൾ.

പൂർത്തിയാകാൻ രണ്ട് സ്പാനുകൾ

 പൂർത്തീകരിച്ചത് 65 ശതമാനം നിർമ്മാണം

 ആകെയുളള 9 സ്പാനുകളിൽ 7എണ്ണം പൂർത്തീകരിച്ചു

 അവശേഷിക്കുന്നത് 2 സ്പാനുകളും അപ്രോച്ച് റോഡ് നിർമ്മാണവും

പാലം നിർമ്മാണത്തിൽ ആർക്കും ആശങ്ക വേണ്ട. പുനർനിർമ്മാണം ആരംഭിക്കാൻ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്

- രമേശ് ചെന്നിത്തല