ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിലേക്കടുക്കുന്തോറും വോട്ടർമാരുടെ മനമറിയാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികൾ. നാടാകെ പെരുന്നാൾ തയ്യാറെടുപ്പിലും ഒരുക്കങ്ങളിലും മുഴുകുമ്പോഴും മൂന്ന് മുന്നണി സ്ഥാനാർത്ഥികളും വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു ഇന്നലെയും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം ആരിഫിന്റെ രണ്ടാംഘട്ട പര്യടനം പള്ളിപ്പുറം സൗത്ത് കല്ലറത്തറയിൽ മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം നോർത്ത് വാഴത്തറ,എരമല്ലൂർ കാക്കതുരുത്ത്‌, ചന്തിരൂർ പാറ്റ് വീട് തുടങ്ങിയ മേഖലകളിലായിരുന്നു ആരിഫിന്റെ ഇന്നലത്തെ പര്യടനം.

കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടെ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. മഹിളാമോർച്ച മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് ആശാ സന്തോഷിന്റെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണം. മണ്ണഞ്ചേരി പഞ്ചായത്തിലെ എൻ.സി ജോൺ ആന്റ് കമ്പനിയിൽ എത്തി തൊഴിലാളികളെയും മാരാരിക്കുളം ചെറുവള്ളിശേരിയിലെ പി.എസ്.സി കോച്ചിംഗ് സെന്ററിലെത്തി പഠിതാക്കളെയും കണ്ടശേഷം
കലവൂർ കയർ ബോർഡ് ആസ്ഥാനത്ത് എത്തിയ ശോഭാ സുരേന്ദ്രനെ ജീവനക്കാർ വരവേറ്റു.പൂങ്കാവ് ലിസോ കയർ ടെക്സ് ഫാക്ടറി,ഓമനപ്പുഴ കാവരി കയർ ഫാക്ടറി എന്നിവിടങ്ങളിൽ തൊഴിലുടമകളെയും തൊഴിലാളികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.കാഞ്ഞിരംചിറ, മാളികമുക്ക്, മംഗലം, മുന്നോടി ക്ഷേത്രം എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങി.