മാന്നാർ: വ്രത ശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ച് ഇന്ന് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കും. ഇന്നലെ ശവ്വാൽ പിറ ദൃശ്യമായതോടെ റംസാൻ 29ൽ അവസാനിച്ച് ഇന്ന് ശവ്വാൽ ഒന്നായി വിവിധ സ്ഥലങ്ങളിലെ ഖാളിമാർ പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം എത്തിയതോടെ നാടെങ്ങും തക്ബീർ ധ്വനികൾ മുഴങ്ങുകയും പെരുന്നാൾ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈദുൽ ഫിത്തറിന്റെ പ്രധാന ആചാരങ്ങളിൽ ഒന്നാണ് ഫിത്ർ സക്കാത്ത്. ശവ്വാൽ മാസപ്പിറ ദൃശ്യമാകുന്നതോടെയാണ് സക്കാത്ത് വിതരണം തുടങ്ങുന്നത്. ആഘോഷദിനത്തിൽ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്‌ർസക്കാത്തിലൂടെ നിറവേറ്റുന്നത്. ഈദുല്‍ ഫിത്തർ ആഘോഷത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ്‌ പെരുന്നാൾ നിസ്കാരം.

പെരുന്നാൾ ദിനത്തിലെ പ്രത്യേക നിസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മാന്നാർ മുസ്ലിം ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു. മാന്നാർ ജുമാ മസ്ജിദിൽ രാവിലെ 9ന് ചീഫ് ഇമാം കെ.സഹലബത്ത്‌ ദാരിമിയും, കുരട്ടിക്കാട് ജുമാ മസ്ജിദിൽ രാവിലെ 8.30 ന് നിസാമുദ്ദീൻ നഈമിയും, പാവുക്കര ജുമാ മസ്ജിദിൽ രാവിലെ 8ന് ചീഫ് ഇമാം ചീഫ്ഇമാം നൗഫൽ ഫാളിലിയും, ഇരമത്തൂർ ജുമാമസ്ജിദിൽ രാവിലെ 8:30ന് ചീഫ് ഇമാം അബ്ദുൾഹക്കീം ഖാസിമിയും, മാന്നാർ സലഫി ജുമാ മസ്ജിദിൽ രാവിലെ 8.15ന് നിയാസ് മൗലവി കളരിക്കലും ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകും.