ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 5ലിഫ്ടുകൾ പ്രവർത്തനരഹിതമായതിനെത്തുടർന്ന് രോഗികളും ജീവനക്കാരും ദുരിതത്തിൽ. പ്രധാന ഓപ്പറേഷൻ തിയേറ്ററിന് സമീപത്തെ കെ -2 ലിഫ്ട് ഉൾപ്പടെ പ്രവർത്തനരഹിതമായിട്ട് ഒരാഴ്ച പിന്നിട്ടു.

ഇതോടെ,അത്യാഹിത വിഭാഗത്തിൽ നിന്നും മറ്റ് വാർഡുകളിൽ നിന്നും ഓപ്പറേഷൻ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കാൻ വളരെ ദൂരെയുള്ള ലിഫ്ടുകളെ വേണം ആശ്രയിക്കാൻ. ഒത്തിരി ചുറ്റിക്കറങ്ങിയേ രോഗികളെ എത്തിക്കാൻ കഴിയുകയുള്ളൂ.

പ്രസവ വാർഡിലേക്കുള്ള ലിഫ്ടും തകരാറിലാണ്. അമ്മയേയും നവജാത ശിശുവിനേയും എം.ആർ.ഐ, സ്കാനിംഗിനോ മറ്റു പരിശോധനകൾക്കോ കൊണ്ടു പോകണമെങ്കിൽ 200 മീറ്ററോളം ദൂരെയുള്ള ലിഫ്ടുകളിൽ എത്തിക്കണം. രക്തപരിശോധന, ഇൻഷ്വറൻസ് കാർഡ് പതിപ്പിക്കൽ തുടങ്ങിയ ആവശ്യത്തിനും ചുറ്റിക്കറങ്ങി പോകണം. രോഗികളെ സന്ദർശിക്കാനെത്തുന്ന ബന്ധുക്കൾ ഗോവണി കയറി വേണം അഞ്ചാം നിലയിലുള്ള വാർഡുകളിലെത്താൻ. കൊവിഡ് കാലം മുതലേ തകരാറിലായിക്കിടക്കുന്ന രണ്ട് ലിഫ്ടുകൾക്ക് പുറമേയാണ് ഇപ്പോൾ അഞ്ചെണ്ണം കൂടി തകരാറിലായത്.

17 : മെഡി.ആശുപത്രിയിലെ ആകെ ലിഫ്ടുകൾ

കരാർ കമ്പനിക്ക് തുക നൽകുന്നില്ല

 മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്ടുകൾക്ക് 16 വർഷത്തെ പഴക്കം

 കാലപ്പഴക്കം കൊണ്ടാണ് തകരാറെന്ന് ആശുപത്രി അധികൃതർ

 കരാറെടുത്ത കമ്പനിയിലെ ജീവനക്കാരാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്

 തുക കൃത്യമായി നൽകാത്തതാണ് ജീവനക്കാരെത്താത്തതിനു കാരണമെന്ന് പറയപ്പെടുന്നു

കാലപ്പഴക്കം ചെന്ന ലിഫ്ടുകൾ മാറ്റി പുതിയവ സ്ഥാപിക്കണം. തകരാറിലായവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കി ദുരിതം അകറ്റണം

- ജീവനക്കാർ