ചെറുകോൽ: ആത്മബോധോദയസംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ 142-ാമത് പൂരം ജന്മനക്ഷത്ര മഹാമഹത്തിന് (ചെറുകോൽ പൂരം) ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ, പത്തു ദിനങ്ങളിലായി നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് നാന്ദി കുറിച്ച് ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ ഇന്ന് രാവിലെ 10ന് കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ഗുരുദേവന്റെ അനുഗ്രഹപ്രഭാഷണം, ഉച്ചയ്ക്ക് 2ന് യുവജനസമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സ്വാമി വേദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ശുഭേഷ് സുധാകരൻ, ബ്രഹ്മചാരി സുധീർ ചൈതന്യ എന്നിവർ പ്രഭാഷണങ്ങൾ നടത്തും .എല്ലാദിവസവും ഗുരുപൂജ, ആശ്രമപ്രദക്ഷിണം, ജന്മനക്ഷത്രസ്തുതി, സമൂഹാരാധന, സമൂഹസദ്യ, വിവിധ സമ്മേളനങ്ങൾ, ഭക്തിഗാനസുധ, വിവിധ കലാപരിപാടികൾ നടക്കും.
19ന് രാവിലെ 10ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ജന്മനക്ഷത്ര ഘോഷയാത്ര. അന്നേദിവസം നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജന്മനക്ഷത്ര ദിനമായ 20 ന് ഉച്ചയ്ക്ക് 2.30ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ജന്മനക്ഷത്ര സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ.യൂഹാനോൻ മാർ ദിയസകോറസ് മെത്രാപ്പൊലീത്ത ആശീർവാദ പ്രസംഗം നടത്തും. വൈകട്ട് 5.30ന് ജന്മനക്ഷത്ര പ്രകാശയാത്ര മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് ചെറുകോൽ ശ്രീശുഭാനന്ദാശ്രമ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് സമൂഹാരാധന, സേവ, സംഗീത സദസ് എന്നിവ നടക്കും.