
അമ്പലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്ക് എം. എൽ .എ രക്ഷകനായി. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ മുഹമ്മദ് കാസിമിന്റെ മകൻ സവാദ് (56) നാണ് എച്ച്. സലാം എം. എൽ.എ രക്ഷകനായത്. ദേശീയപാതയിൽ ചിന്മയ സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സവാദ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഈ സമയം കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ കുടുങ്ങിയ സവാദിനെ ഓടിക്കൂടിയ നാട്ടുകാരും എം.എൽ.എയും ചേർന്ന് പുറത്തെടുത്തു. തുടർന്ന് എം.എൽ.എയുടെ കാറിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാർ യാത്രക്കാർക്ക് പരിക്കില്ല.