
ഹരിപ്പാട്: മുതുകുളം ഗ്രാമ പഞ്ചായത്ത് 7,8,9 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഇളങ്ങള്ളൂർ സ്ഥാപിച്ച പുതിയ കുഴൽക്കിണറിന്റെ അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇന്ന് പമ്പിംഗ് ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും വിഹിതം വിനിയോഗിച്ചാണ് പ്രവൃത്തികൾ നടത്തിയത്. ഇളങ്ങള്ളൂർ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് കുഴൽക്കിണർ സ്ഥാപിച്ചത്. മുതുകുളത്തിന്റെ തെക്കൻ മേഖലയായ 7,8,9 വാർഡുകളിൽ ശുദ്ധജല വിതരണം നടത്തിയിരുന്ന മായിക്കൽ പമ്പ് ഹൗസ് പ്രവർത്തന രഹിതമായതിനെ തുടർന്ന് പ്രദേശവാസികൾക്കുണ്ടായ കഷ്ടപ്പാടുകൾക്കാണ് ഇതോടെ പരിഹാരമാകുന്നത്. വർഷങ്ങളായുള്ള പരിശ്രമങ്ങളെ തുടർന്ന് പുതിയ കുഴൽക്കിണർ സ്ഥാപിച്ച് പമ്പിംഗ് ആരംഭിക്കാൻ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭയും ഗ്രാമ പഞ്ചായത്തംഗങ്ങളായ സുസ്മിത ദിലീപും സി.വി.ശ്രീജയും.