tur

തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വിഷുക്കണി ദർശനവും മേൽശാന്തി സ്ഥാനാരോഹണവും 14 ന് നടക്കും. കാസർകോട് നെല്ലൂർ ഇല്ലത്ത് സുരേഷ് കടമണ്ണായരാണ് നിയുക്ത മേൽശാന്തി.വിഷുദിനത്തിൽ വെളുപ്പിന് 3 ന് നിലവിലെ മേൽശാന്തി ശ്രീധര ഖജനായർ ശ്രീനൃസിംഹമൂർത്തിയുടേയും ശ്രീമഹാസുദർശനമൂർത്തിയുടേയും ശ്രീലകത്ത് വിഷു കണി ഒരുക്കി,കണികണ്ട്, പൂജകൾ യഥാവിധി പൂർത്തിയാക്കി പടിയിറങ്ങും . തുടർന്ന് 4 ന് ക്ഷേത്രം ഊരാളൻ വളമംഗലം തെക്ക് തേവലപ്പൊഴിമനയിൽ ശങ്കരൻ നമ്പൂതിരി നിയുക്ത മേൽശാന്തി സുരേഷ് കടമണ്ണായർക്ക്‌ നമസ്ക്കാര മണ്ഡപത്തിൽ വച്ച് പാരമ്പര്യ ആചാരപ്രകാരം പാറ ജപിച്ചു നൽകും.തുടർന്ന് ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി നിയുക്ത മേൽശാന്തിയെ ശ്രീലകത്തേയ്ക്ക് ആനയിച്ച് മേൽശാന്തിയായി അവരോധിക്കും. നാലാം തവണയാണ് ഇദ്ദേഹം തുറവൂർ മഹാക്ഷേത്രത്തിൽ മേൽശാന്തിയായി ചുമതല ഏൽക്കുന്നത്. ഒരു മേടവിഷു മുതൽ അടുത്ത മേടവിഷുക്കാലം വരെയാണ് മേൽശാന്തിയുടെ കാലാവധി. തീവ്ര ബ്രഹ്മചര്യ നിഷ്ഠയോടെ പുറപ്പെടാശാന്തി സമ്പ്രദായത്തിൽ പൂജാവിധികൾ യഥാവിധി അനുഷ്ഠിച്ച് ക്ഷേത്രമതിൽക്കകത്ത് തുടരുന്ന രീതിയാണ് മേൽശാന്തിയുടേത്. കാസർകോട് ചെറുവത്തൂർ ശ്രീകൃഷ്ണ കുബണൂരായർ പുതിയ കീഴ്ശാന്തിയാകും.