ആലപ്പുഴ: ചെറിയ പെരുന്നാൾ ആഘോഷ നിറവിൽ വിവിധ ഈദ് ഗാഹുകളിൽ പങ്കെടുത്തുകൊണ്ടായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. കേരള നദ്‌വത്തുൽ മുജാഹിദ് പള്ളി സംഘടിപ്പിച്ച ഈദ്‌നമസ്‌ക്കാരത്തിലാണ് ആദ്യം പങ്കെടുത്തത്. പള്ളി ഇമാം അഷ്‌റഫ് കോയ സുല്ലമി നേതൃത്വം നൽകിയ നമസ്‌ക്കാര ചടങ്ങിൽ ഭാഗമായി. തുടർന്ന് ആലപ്പുഴ കടപ്പുറത്ത് മർക്കസ് മസ്ജിദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേ പ്രാർത്ഥനയിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് പടിഞ്ഞാറെ ഷാഫി മുസ്ലീം ജമാഅത്ത് പള്ളിയിലെത്തി.
മീനഭരണി ഉത്സവാഘോഷങ്ങളുടെ ഭാഗമായി പാറയിൽ ചെമ്പകശ്ശേരി ശ്രീ ഭദ്റകാളി ദേവീ ക്ഷേത്രം, ചേർത്തല കണ്ടമംഗലം ശ്രീ രാജരാജേശ്വരീ മഹാദേവീ ക്ഷേത്രം, പഴവീട് ശ്രീ ഭഗവതീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും കെ.സി സന്ദർശിച്ചു. ചേർത്തല കാറ്റാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികൾ തൊപ്പിയും തുഴയും മത്സ്യവും നൽകിയാണ് സ്വീകരിച്ചത്.
കല്ലുപാലം കിഴക്കേ പള്ളിയിൽ പെരുനാൾ നമസ്ക്കാരത്തിൽ പങ്കാളിയായാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് പെരുനാൾ ദിനം ആരംഭിച്ചത്. മസ്ജിദിൽ സോളാർ സ്ഥാപിക്കുന്നതിനായി കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ഇമാമിന് കൈമാറി. ഉച്ചയ്ക്ക് ശേഷം തുറവൂർ ഭാഗത്തായിരുന്നു പ്രചരണം. ഓരോ കേന്ദ്രങ്ങളിലും വലിയ ജനസഞ്ചയമാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തുനിന്നത്. വിഷു അടുത്തതോടെ പലരും കൊന്നപ്പൂക്കൾ നൽകിയാണ് വരവേറ്റത്.
തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധസമിതിയുടെ സമരപ്പന്തലിലെത്തി സമരസമിതി ചെയർമാൻ സുരേഷ് കുമാറുമായി ചർച്ച നടത്തി, സമരക്കാരെ പൊന്നാട അണിയിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണം ആരംഭിച്ചത്. രണ്ട് വർഷമായി കാണാതായ കരിമണൽ ഖനന വിരുദ്ധ സമരസമിതി നേതാവും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന സജിത്ത് ഭവനിൽ സജീവന്റെ (56)വീട് സന്ദർശിച്ച് ഭാര്യയെയും ബന്ധുക്കളെയും കണ്ടു. എൻ.ഡി.എ കുതിരപ്പന്തി ഏരിയ തിരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കുതിരപ്പന്തിയിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി തുറന്ന വാഹനത്തിൽ പര്യടനം ആരംഭിച്ചു. പറവൂർ , കളർകോട്, തിരുവാമ്പാടി ക്ഷേത്ര ജംഗ്ഷനിൽ അവസാനിച്ച് അവിടെ നിന്നും ആയിരങ്ങളുടെ അകമ്പടിയോടെ പഴവീട് ക്ഷേത്രത്തിലേക്ക് പദയാത്ര നയിച്ചു.