ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണം 85 കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാമെങ്കിലും, വയസിലെ പൊരുത്തക്കേട് പലർക്കും വിനയാകുന്നു. വോട്ടർ പട്ടികയിലെ വയസാണ് പ്രാധാനമാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, വോട്ടർ പട്ടികയിലെയും യഥാർത്ഥ വയസും തമ്മിലുള്ള പൊരുത്തക്കേട് കാരണം 85 കഴിഞ്ഞ എല്ലാവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ടുചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
ആധാർ കാർഡിലും സ്‌കൂൾ രേഖയിലും വയസ് 85 കഴിഞ്ഞിട്ട് കാര്യമില്ല, വോട്ടർ പട്ടികയിൽ അത് കൃത്യമായിരിക്കണമെന്ന് സാരം. നേരത്തെ വോട്ടർ പട്ടികയിൽ പേരുചേർത്തപ്പോൾ ആധികാരിക രേഖ അടിസ്ഥാനമാക്കാതെ വയസും ജനനതീയതിയും നൽകിയവർക്കാണ് തിരിച്ചടിയായത്. ബൂത്ത് ലവൽ ഓഫീസർ (ബി.എൽ.ഒ) മുൻകൂട്ടി വീടുകളിലെത്തി ആവശ്യമായ തിരുത്തലുകൾ വരുത്താത്തതും വീഴ്ചയായി.
വോട്ടർപ്പട്ടിക പരിശോധിച്ച് 85 കഴിഞ്ഞവരുടെ പട്ടിക താലൂക്ക് ഓഫീസുകളിൽ നിന്ന് ബി.എൽ.ഒമാർക്ക് നകിയിട്ടുണ്ട്. ഇതനുസരിച്ച് വീട്ടിലിരുന്ന് വോട്ടുചെയ്യാൻ സന്നദ്ധരാണെന്ന സത്യവാങ്മൂലം ഇവർ ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. ഇവർക്ക് മാത്രമായിരിക്കും ഈസൗകര്യം ലഭിക്കുക. ബാക്കിയുള്ളവരിൽ നിന്ന് വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സൗകര്യം വേണ്ടെന്നും എഴുതിവാങ്ങുന്നുണ്ട്.
വീട് വേണ്ട, ബൂത്ത് മതി
വയസ് 85 കഴിഞ്ഞവരും ഭിന്നശേഷിക്കാരുമായ പലർക്കും വീട്ടിലേതിനെക്കാൾ പോളിംഗ് ബൂത്തിൽപ്പോയി വോട്ടുചെയ്യാനാണ് താത്പര്യം. എങ്കിൽ മാത്രമേ വോട്ട് ചെയ്തതിന്റെ
'സംതൃപ്തി' കിട്ടൂവെന്നാണ് പലരും പറയുന്നതെന്ന് ബി.എൽ.ഒമാർ സാക്ഷ്യപ്പെടുത്തുന്നു.
അഞ്ച് വർഷത്തിലൊരിക്കൽ പോളിംഗ് ബൂത്തിലെത്തി, ക്യൂനിന്ന് കൈയിൽ മഷിപുരട്ടി സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന്റെ 'ഫീൽ' വീട്ടിലിരുന്ന് വോട്ട് ചെയ്താൽ കിട്ടില്ലെന്നാണ് അവരുടെ വാദം.