ആലപ്പുഴ : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം. മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണം.
ഷട്ടർ തുറക്കുന്നതുസംബന്ധിച്ച് മാർച്ച് 26, ഏപ്രിൽ 5 തീയ്യതികളിൽ ഉദ്യോഗസ്ഥതല മീറ്റിംഗ് കളക്ടറേറ്റിൽ കൂടിയിരുന്നു. ആലപ്പുഴ, കോട്ടയം പരിധിയിലുളള പാടശേഖരങ്ങളിൽ കൊയ്ത്തു പൂർത്തിയായിട്ടില്ലെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർമാർ റിപ്പോർട്ട് ചെയ്തിരുന്നു.
ഏപ്രിൽ രണ്ടാം വാരത്തോടു കൂടി കുട്ടനാട്ടിലെ കൊയ്ത്തിന്റെ 85 ശതമാനം പൂർത്തിയാകുമെന്നും പിന്നീട് തണ്ണീർമുക്കം ബണ്ട് തുറന്നാലും അവശേഷിക്കുന്ന നെൽകൃഷിയിൽ ഉപ്പുവെള്ളം മൂലം വിളനാശം സംഭവിക്കുന്ന ഘട്ടം തരണം ചെയ്തിരിക്കുമെന്നുമായിരുന്നു റിപ്പോർട്ട്. മത്സ്യപ്രജനനത്തിനും പോള നിർമാർജ്ജനം ചെയ്യുന്നതിനും ബണ്ട് തുറക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് ലഭിച്ചിരുന്നു.
വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ ഷട്ടർ റഗുലേറ്റ് ചെയ്യണമെന്ന് കർഷക സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.