ആലപ്പുഴ : പരസ്യപ്രചാരണം അവസാനിക്കാൻ 13 ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം മുറുക്കി മുന്നണികൾ. ഹരിപ്പാട് മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ ഇന്നലത്തെ പര്യടനം.
വലിയഴീക്കൽ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥനയോടെ തുടങ്ങി. തുടർന്ന് മത്സ്യത്തൊഴിലാളികൾ വലിയഴീക്കലിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്തു. ഉദ്ഘാടന യോഗത്തിൽ അനിൽ.ബി.കളത്തിൽ അദ്ധ്യക്ഷനായി.
പെരുമ്പള്ളി, വട്ടച്ചാൽ, കള്ളിക്കാട് ശിവനട, ആറാട്ടുപുഴ ബസ് സ്റ്റാന്റ്, ചിറയിൽ ജംഗ്ഷൻ, കുറിച്ചിക്കൽ ജംഗ്ഷൻ, പതിയാങ്കര പള്ളിമുക്ക്, പ്രണവം ജംഗ്ഷൻ, മണ്ണേൽ ലക്ഷം വീട്, പപ്പൻ മുക്ക്, പാനൂർ പള്ളിമുക്ക്, പുത്തൻപുര മുക്ക്, പല്ലന കുറ്റിക്കാട് ജംഗ്ഷൻ, പല്ലന ചന്ത, കാട്ടിൽ മാർക്കറ്റ്, മുതലപ്പള്ളിൽ ജംഗ്ഷൻ, പാണൂർ 2147 സൊസൈറ്റി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പഞ്ചാരമുക്കിൽ ഒരുമണിയോടെ എത്തി. പര്യടനത്തിനിടെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര ചെമ്മീൻ പീലിംഗ് ഷെഡിൽ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു.
ഒറ്റപ്പുന്ന ജംഗ്ഷനിൽ ഇൻഫ്രാ എലിവേറ്റേഴ്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ സ്വീകരണത്തോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്.
പള്ളിപ്പുറം താവരണയിൽ കഴിഞ്ഞ ദിവസം അന്തരിച്ച ആദ്യകാല ബി.ജെ.പി പ്രവർത്തകൻ പാർത്ഥന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. തുടർന്ന് പള്ളിപ്പുറം കോപ്പായിൽ കുന്നേപ്പറമ്പ് കോളനിയിലെ ചെമ്മീൻ പീലിംഗ് ഷെഡ്ഡിലെത്തി. പിന്നീട് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ബി.ബാലാനന്ദന്റെ വീട്ടിലെത്തി. മകന്റെ വിയോഗത്തിൽ അദ്ദേഹത്തെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു മടങ്ങി.തുടർന്ന് അരയൻകാവ് ക്ഷേത്രത്തിന് സമീപം സ്വീകരണം. പീലിംഗ് ഷെഡുകൾ സന്ദർശിച്ച് തൊഴിലാളികളോട് കുശലപ്രശ്‌നം നടത്തി. കുടുംബസദസ്സിനു ശേഷംഅരൂരിൽ നിന്നും തുറവൂരിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോയും നടന്നു. അരൂർ തെക്ക് മണ്ണാട്ട് ക്ഷേത്ര ജംഗ്ഷനിൽ തിരുവാതിരകളിയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ പര്യടനം ചേർത്തല കടക്കരപ്പള്ളി പടിയത്ത് സി.ബി .ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.. ഇരുചക്ര വാഹനങളുടെ അകമ്പടിയോടെ ആവേശകരമായാണ് ചേർത്തല മണ്ഡലം സ്ഥാനാർത്ഥിയെ വരവേറ്റത്. വാദ്യമേളങ്ങളും കലാരൂപങ്ങളും നൃത്തച്ചുവടുകളുമായി സ്വീകരണകേന്ദ്രങ്ങൾ ഉത്സവ പ്രതീതിയിലായി. വീടുകളിൽനിന്ന് ഓടിയടുത്തവർ കൈവീശി സ്ഥാനാർത്ഥിയെ അഭിവാദ്യംചെയ്‌തു. വനിതാ ബാൻഡ് സംഘം സ്വീകരണകേന്ദ്രങ്ങളിൽ അണിനിരന്നത് വരവേൽപ്പ് പ്രൗഢമാക്കി. ഇരുചക്രവാഹനങ്ങിൽ എത്തിയ യുവതയുടെ അകമ്പടിയിൽ തുറന്നജീപ്പിലാണ് ആരിഫ് സഞ്ചരിച്ചത്. കടക്കരപ്പള്ളി, പട്ടണക്കാട്, വയലാർ, ചേർത്തല ടൗൺ, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലൂടെ ചേർത്തല തെക്ക് പഞ്ചായത്തിലെ ഗുരുപുരത്ത് എത്തിയാണ് ഇന്നലത്തെ പര്യടനം പൂർത്തിയാക്കിയത്. .