manjal-neeratt

മാന്നാർ: കുരട്ടിശ്ശേരി കണ്ണങ്കാവിൽ ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിനു സമാപനം കുറിച്ച് നടന്ന മഞ്ഞൾ നീരാട്ട് ഭക്തി സാന്ദ്രമായി. തന്ത്രി പറമ്പൂർ ഇല്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും ആചാര്യൻ പളനി ആചാരിയുടെയും മേൽശാന്തി അമരാവതി ഇല്ലത്ത് അനന്തൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിൽ താന്ത്രിക ആചാര അനുഷ്ഠാനങ്ങളോടെ നടന്ന ഈ അപൂർവാഘോഷം ദർശിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. 21 ദിവസത്തെ കഠിനവ്രതത്തിനു ശേഷം 11 പിണിയാളുകൾ വലുതും ചെറുതുമായ 9 വാർപ്പുകളിൽ തിളച്ചു മറിയുന്ന മഞ്ഞൾ തീർഥത്തിൽ കമുകിൻ പൂക്കുലകൾ മുക്കി ദേഹമാകെ തളിച്ച് ഭക്തി പൂർവം മഞ്ഞൾ നീരാട്ടിൽ പങ്കെടുത്തു. മഞ്ഞൾ നീരാട്ടിനു ശേഷം പ്രസാദ വിതരണം നടന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എൻ.ആർ. മുരുകൻ, ട്രഷറർ ടി.പി.ഗണശൻ എന്നിവർ നേതൃത്വം നൽകി.