കുട്ടനാട്: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഭരിച്ച പുഞ്ചനെല്ലിന്റെ വില,​ അധികം താമസിയാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എസ്.ബി.ഐയുടെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല ഇടപെടലുകളാണ് കർഷകർക്ക് ആശ്വാസപ്രതീക്ഷയേകുന്നത്. കാനറബാങ്ക് നടപടികൾ നേരത്തെ തന്നെ വേഗത്തിലാക്കിയിരുന്നു.

കഴിഞ്ഞ തവണ വളരെ വൈകിയാണ് കർഷകർക്ക് നെല്ലിന്റെ പണം ലഭിച്ചത്. ഇത് അവരെ

വല്ലാത്ത ബുദ്ധിമുട്ടിലാക്കിയിരുന്നു. മഴയും വെള്ളപ്പൊക്കവും കൂടിയായതോടെ കൃഷിയിറക്കിയത് തന്നെ വൈകി. നെല്ല് നൽകി ഒരുമാസത്തിനുള്ളിലെങ്കിലും പണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നതായിരുന്നു കർഷകരുടെ ആവശ്യം. കഴിഞ്ഞതവണ മാസങ്ങൾ കഴിഞ്ഞിട്ടും വില കിട്ടാതെ വന്നതോടെ വിവിധ കർഷകസംഘടനകൾ സമരവുമായി രംഗത്തെത്തിയിരുന്നു. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലേക്ക് നടന്ന മാർച്ച് ലാത്തിച്ചാർജിലാണ് കലാശിച്ചത്. നിരവധി കർഷകരും യു.ഡി.എഫ് നേതാക്കളും കേസിൽ പ്രതികളായി. അടുത്തിടെയാണ് രാമങ്കരി കോടതിയിൽ നിന്ന് ഇവർ ജാമ്യമെടുത്തത്.

എന്തായാലും,​ ഏതാനും ദിവസങ്ങൾക്കുള്ളിൽ നെല്ലിന്റെ വില കൈകളിലെത്തുമെന്നത് കുട്ടനാട്ടിലെ ആയിരക്കണക്കിന് കർഷകർക്ക് വലിയ പ്രതീക്ഷയേകുന്നുണ്ട്.