chennithala-uncha

മാന്നാർ: തണ്ണീർമുക്കം ബണ്ട് ഷട്ടർ തുറന്നത് മൂലം ദുർബലാവസ്ഥയിലായ പുറംബണ്ട് തകർന്ന് നെൽകൃഷി നശിക്കുമെന്ന ആശങ്കയിൽ കർഷകർ. ചെന്നിത്തലപുഞ്ചയിലെ ഏറ്റവും താഴ്ന്നപ്രദേശമായ പതിനാലാം ബ്ലോക്കിലെ കർഷകരാണ് ആശങ്കയിൽ കഴിയുന്നത്.ഷട്ടർ തുറന്നു വിടുന്നതിൽ സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പുഞ്ചയിലെ നേന്ത്രവരി പാടശേഖര സമിതി നൽകിയ പരാതി ചെവിക്കൊള്ളാതെയാണ് ഇന്നലെ രാവിലെ ബണ്ട് തുറന്നത്. പുറംബണ്ടിന്റെ ബലക്കുറവ് കാരണം എല്ലാവർഷവും ഇവിടെ കൃഷി നാശം സംഭവിക്കാറുണ്ട്. തണ്ണീർമുക്കം ബണ്ട് തുറന്നു വിടുന്നതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്ന് അതിന്റെ കൈവഴികളിലൂടെ വെള്ളം ഒഴുകിയെത്തി പാടശേഖരത്തിന്റെ പുറംബണ്ട് തകരുകയാണ് പതിവ്. തണ്ണീർമുക്കം ബണ്ട് നേരത്തെ തുറക്കുന്നതാണ് ഇതിനു കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷത്തെ കൊയ്ത്ത് മേയ് 10ന് നിശ്ചയിച്ചിരിക്കുകയാണ്. അതുവരെയെങ്കിലും ബണ്ട് തുറക്കുന്നതിൽ സാവകാശം നൽകണമെന്നായിരുന്നു പാടശേഖര സമിതിയുടെ ആവശ്യം.തണ്ണീർമുക്കം ബണ്ട് തുറന്നു വിട്ടതും രണ്ടു ദിവസമായി തുടരുന്ന വേനൽ മഴയും മൂലം തോടുകളിലെ ജലനിരപ്പ് ഉയർന്നതും കർഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

.......

 പുറംബണ്ട് ബലപ്പെടുത്തണം

ചെന്നിത്തല പുഞ്ചയിലെ നേന്ത്രവേലി പാടശേഖരം പതിനാലാം ബ്ലോക്കിന്റെ പുറംബണ്ട് പിച്ചിംഗ് കെട്ടി ബലപ്പെടുത്തണമെന്നത് വർഷങ്ങളായുള്ള കർഷകർ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതർക്ക് പല തവണ നിവേദനം നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. അടുത്ത ബഡ്ജറ്റിൽ ഇതിനായി തുക അനുവദിച്ച് നൽകുന്നതിന് ആവശ്യമായ സഹായം ഉണ്ടാകണമെന്ന് മന്ത്രി സജി ചെറിയാന് നൽകിയ നിവേദനത്തിൽ കർഷകർ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

.........

#ട്രാൻസ്ഫോർമറിന്റെ ശേഷി കൂട്ടണം

വെള്ളം പമ്പിംഗ് നടത്തുന്നതിന് നേന്ത്രവേലി, കഞ്ഞിക്കരി, കൈതക്കണ്ടം, കോയിത്തുരുത്ത്, കടുവെള്ളാരി, കൊച്ച് കോയിത്തുരുത്ത് എന്നീ ആറു പാടശേഖരങ്ങൾക്കും കൂടി ശേഷികുറഞ്ഞ ഒരു ട്രാൻസ്‌ഫോർമർ മാത്രമാണുള്ളത്. ആറു പമ്പ് മോട്ടോറുകളും ഒന്നിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി ഈ ട്രാൻസ്ഫോർമറിന് ഇല്ലാത്തതിനാൽ ഇത്തവണയും ഭാഗികമായി കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കൂടുതൽ ശേഷിയുള്ള ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പാടശേഖര സമിതി അപേക്ഷ നൽകിയെങ്കിലും നടപടികൾ ഇഴയുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു