അമ്പലപ്പുഴ: ദേശീപാതയിൽ തോട്ടപ്പള്ളി സ്പിൽവെ പാലത്തിൽ വാഹനാപകടത്തിൽ പെട്ടിഓട്ടോ ഡ്രൈവർക്ക് പരിക്ക്. എറണാകുളം കാക്കനാട്ട് ചായിക്കോട് വീട്ടിൽ വിൻസന്റ് തോമസിനാണ് (55) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. അലുമ നീയം ഷീറ്റുമായി എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെട്ടിഓട്ടോയിൽ, തോട്ടപ്പള്ളി പാലത്തിൽ വച്ച് പിന്നിൽ നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പെട്ടിഓട്ടോയുടെ പെട്ടിയും ഷീറ്റും കായലിലേക്ക് തെറിച്ചുവീണു. പെട്ടി ഓട്ടോയിൽ വാതിൽ തുറക്കാനാവാതെ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പെട്ടി ഓട്ടോയിൽ ഇടിച്ചകാർ നിയന്ത്രണം തെറ്റി മറ്റൊരു കാറിലും ഇടിച്ചു.ഇരു കാറിന്റെയും മുൻഭാഗത്ത് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കില്ല. അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു.3 കി.മീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടു.അമ്പലപ്പുഴ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.