
ചാരുംമൂട്: പള്ളിപ്പുറം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തങ്കജീവത സമർപ്പണത്തിന്റെ ഭാഗമായി ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രസന്നിധിയിൽ നടന്ന കൈനീട്ടപ്പറയും, മുക്കൂട്ട് അൻപൊലി മഹോത്സവവും ഭക്തിസാന്ദ്രമായി.
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും രണ്ട് അകമ്പടി ജീവതകളോടും കൂടിയാണ് തങ്കജീവത എഴുന്നള്ളത്ത് നാഗരാജ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ക്ഷേത്ര പ്രതിക്ഷണത്തിനു ശേഷം ഇല്ലത്തെ പൂജകളും കഴിഞ്ഞ് കൈനീട്ടപ്പറ ചടങ്ങ് പൂർത്തിയാക്കി. 9 താളവട്ട മേള ചുവടുകളോടെ അൻപൊലി കളത്തിലേക്ക് ആനയിച്ച ശേഷം വിശാലമായ കളത്തിൽ മുക്കൂട്ട് അൻപൊലിയും നടന്നു. അൻപൊലി പറയ്ക്കു ശേഷം രാത്രി 10.30 ന് തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നളളി.നൂറ് കണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കാളിയായത്.