
കുട്ടനാട് : പുളിങ്കുന്ന് പഞ്ചായത്തിലെ 6,7 വാർഡുകളെ ബന്ധിപ്പിക്കുന്ന പുളിങ്കുന്ന് പുത്തൻതോട് പാലത്തിന്റെ നിർമ്മാണം മുടങ്ങിയിട്ട് ഒന്നര വർഷം. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, സെക്രട്ടറി അഡ്വ.ആഷ് ലി നായർ എന്നിവർ കരാറുകാരൻപി ജയപ്രകാശ്, ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി , ചീഫ് എഞ്ചിനിയർ,എക്സിക്യുട്ടിവ് എഞ്ചിനിയർ, അസി.എക്സിക്യൂട്ടിവ് എഞ്ചിനിയർ, അസി.എഞ്ചിനിയർ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു.
മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 2021ൽ മൂന്ന് കോടി അമ്പതു ലക്ഷം രൂപയ്ക്കാണ് പാലത്തിന് ടെണ്ടർ കൊടുത്തത്. 2022 ഒക്ടോബറിൽ പണി പൂർത്തീകരിക്കുമെന്നായിരുന്നു കരാർ. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാനോ നിർമ്മാണത്തിന് മുന്നോടിയായി ഇട്ട മുട്ട് പൊളിച്ചു മാറ്റാനോ ബന്ധപ്പെട്ടവർ തയ്യാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
മുട്ട് പൊളിക്കാതെ വന്നതിനെ തുടർന്ന് ഒഴുക്ക് നിലച്ച തോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശത്ത് മാലിന്യ പ്രശ്നത്തിനിടയാക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതിനെ പുറമെ പ്രദേശത്ത് ഏത് സമയവും പകർച്ചവ്യാധി പിടിപെടാമെന്ന സ്ഥിതിയാണ് .