inter

ആലപ്പുഴ: അവധിക്കാലമായതോടെ, ബംഗളൂരു - എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ് ആലപ്പുഴയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായി. നിലവിൽ ആലപ്പുഴ - എറണാകുളം മെമു കഴിഞ്ഞാൽ എറണാകുളം ഭാഗത്തേയ്ക്ക് രണ്ട് മണിക്കൂർ ഇടവേളയിൽ മറ്റു ട്രെയിനുകളൊന്നുമില്ലെന്നതാണ് യാത്രയെ ദുരിതപൂർണമാക്കുന്നത്. ഫുൾ റിസർവേഷനായ ജനശതാബ്ദി കൊണ്ട് ദിവസയാത്രക്കാർക്ക് പ്രത്യേകിച്ച് ഗുണവുമില്ല.

പുലർച്ചെ എറണാകുളം ഭാഗത്തേയ്ക്കുള്ള ആലപ്പുഴ - ധൻബാദ്, തിരുവനന്തപുരം - മംഗലാപുരം ഏറനാട്, ആലപ്പുഴ - എറണാകുളം മെമു എന്നിവയിലെല്ലാം വൻതിരക്കാണ്.

ഏറനാട്, ആലപ്പുഴ സ്റ്റേഷനിലെത്തും മുമ്പുതന്നെ കോച്ചുകളിൽ കയറിപ്പറ്റാൻ കഴിയാത്ത വിധം

തിരക്കായിക്കഴിയും. യാത്രക്കാർ തിങ്ങി നിറഞ്ഞ കമ്പാർട്ട്‌മെന്റുകളിൽ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്ന സംഭവങ്ങളും പതിവാണ്.

ജില്ലയിലെ യാത്രാക്ലേശത്തിന് പരിഹാരം

1.രാവിലെ ഏറനാടിനും മെമുവിനും ശേഷം ആലപ്പുഴയിൽ നിന്ന് എറണാകുളത്തേയ്ക്ക് ഒരു ട്രെയിൻ വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്

2.ആലപ്പുഴയിൽ പിറ്റ്‌ലൈനുള്ളതുകൊണ്ട് ഇന്റർസിറ്റിയുടെ പ്രൈമറി മെയിന്റനൻസിന് സൗകര്യമുണ്ട്. ആലപ്പുഴ വഴി ബംഗളൂരുവിലേക്ക് ഒരു ട്രെയിൻ മാത്രമാണ് ഇപ്പോഴുള്ളത്

3.ഇന്റർസിറ്റി ആലപ്പുഴയ്ക്ക് നീട്ടുന്നതോടെ എറണാകുളം ജംഗ്ഷനിലെ തിരക്ക് കുറയുമെന്ന് മാത്രമല്ല, സൗത്ത് സ്റ്റേഷനിൽ നിന്ന് കയറുകയും ചെയ്യാം

4.എറണാകുളം ജംഗ്ഷനിൽ നിന്ന് ബാംഗ്ലൂരുവിലേക്ക് പോകുന്നവരിൽ നല്ലൊരു ശതമാനം ആലപ്പുഴ ജില്ലയിലെ യാത്രക്കാരാണ്

ബംഗളൂരു- എറണാകുളം ഇന്റർസിറ്റി ആലപ്പുഴയിലേക്ക് ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി കാത്തിരിക്കുകയാണ്. ആലപ്പുഴയിലെ പ്ലാറ്റ്‌ഫോമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അനുകൂലമാണ്. ഇതോടെ ജില്ലയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും

- തിരുക്കൊച്ചി റെയിൽ കമ്മ്യൂട്ടേഴ്‌സ് വെൽഫെയർ അസോ.