muslim-leeg-commity

മാന്നാർ: യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് താത്കാലിക മഞ്ഞുരുക്കം. യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനം മുസ്ലിംലീഗിന് നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നിരുന്ന മുസ്ലിം ലീഗ്, ഉപാധികളൊന്നും കൂടാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിലിന്റെ വിജയത്തിനായി മുന്നണി സംവിധാനത്തിൽ സജീവമായി പ്രവർത്തിക്കാൻ ഇന്നലെ ചേർന്ന മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം മുൻ പ്രസിഡന്റ് എൻ.എ സുബൈർ യോഗം ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ സലാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാജി കുരട്ടിക്കാട്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, പ്രവർത്തക സമിതിയംഗം എ.കെ മിർസാദ്, കെ.എ ലത്തീഫ് നാലുപറ, താജുദീൻകുട്ടി, ഹാരിസ് മാന്നാർ, ഹാഷിം കാട്ടിൽ, സലിം മണപ്പുറം, ഹക്കിം മാന്നാർ എന്നിവർ സംസാരിച്ചു.

വർഷങ്ങളായി മുസ്ലിംലീഗിനായിരുന്ന മാന്നാർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ സ്ഥാനം ഇത്തവണ കോൺഗ്രസ് കയ്യടക്കിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. യു.ഡി.എഫ് മാന്നാർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലും മുസ്ലിം ലീഗിന്റെ നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിരുന്നില്ല. മുസ്ലിം ലീഗിന്റെ നിസഹകരണം മാന്നാർ ടൗണിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് നേതൃത്വം.