ആലപ്പുഴ:വിഷു ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. വിഷുക്കണി ദർശനത്തിനും വിഷു ആഘോഷങ്ങൾക്കും ക്ഷേത്രങ്ങളിലെല്ലാം വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമുൾപ്പെടെ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും വിഷുക്കണി ദർ‌ശനത്തിന് വൻ തിരക്ക് അനുഭവപ്പെടും.

മുല്ലയ്ക്കൽ തെരുവിൽ വിഷുക്കച്ചവടകേന്ദ്രങ്ങളിൽ

തിരക്കോട് തിരക്കായിരുന്നു ഇന്നലെ. കൃഷ്ണ വിഗ്രഹങ്ങളും കണിക്കൊന്നയും കണിവെള്ളരിയുമുൾപ്പെടെയുള്ള സാധനങ്ങളും വാങ്ങാനായിരുന്നു തിരക്ക്. ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചായിരുന്നു ഫർണിച്ചർ– ഗൃഹോപകരണ ഷോറൂം–ടെക്സ്റ്റയിൽസ് വിപണി. തുണിക്കടകളിലും വലിയ തിരക്കാണുണ്ടായത്. ജില്ലാ വ്യവസായ കേന്ദ്രവും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും നടത്തുന്ന റംസാൻ വിഷുമേള ഇന്നു സമാപിക്കും. ബാലരാമപുരം– കൂത്താമ്പുള്ളി കൈത്തറി ഉൽപ്പന്നങ്ങൾ മേളയിലുമുണ്ട്. 20 ശതമാനം സർക്കാർ റിബേറ്റിലാണ് വിൽപ്പന.

കുടുംബശ്രീ വിപണന മേളയിൽ കുടുംബശ്രീ സംരംഭകർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഉൽപാദിപ്പിച്ച കാർഷിക ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങാൻ തിരക്കനുഭവപ്പെട്ടു.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിലെ വിഷു മേളയിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഉള്ളത്. ചൂടിനെ പ്രതിരോധിക്കുന്ന സമ്മർ കൂൾ ഷർട്ടുകൾ, ഷർട്ട്‌ പീസുകൾ, സിൽക്ക് സാരി, കോട്ടൺ സാരി, ബെഡ്ഷീറ്റ്, മുണ്ടുകൾ, ചൂരൽ ഉൽപന്നങ്ങൾ, ശ്രീകൃഷ്ണ വിഗ്രഹം എന്നിവ ഇവിടെ ലഭിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30ശതമാനമാണ് റിബേറ്റ്.