കായംകുളം : ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കായംകുളത്ത് സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ കെ.എൽ.പ്രസന്നകുമാരി രാജിവച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവത്തിൽ മഞ്ഞുരുകുന്നു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന പാർട്ടി യോഗത്തിൽ പ്രസന്നകുമാരി പങ്കെടുത്തതോടെ വിവാദത്തിന് താത്കാലിക വിരാമമായി.
ഗാർഹിക പീഡന പരാതിയിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന മകൻ ബിപിൻ സി. ബാബുനെ പാർട്ടി തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രസന്നകുമാരി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജിവച്ചത്. പത്തിയൂർ, കരീലക്കുളങ്ങര, രാമപുരം ലോക്കൽ കമ്മറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രസന്നകുമാരി പങ്കെടുത്തത്. രാജി പിൻവലിച്ച് സജീവമാകാനും തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നും പാർട്ടി നിർദ്ദേശം നൽകി. സജി ചെറിയാനൊപ്പം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എച്ച് ബാബുജാനും യോഗത്തിൽ പങ്കെടുത്തു. പ്രസന്നകുമാരി തീരുമാനം അംഗീകരിച്ചതായിട്ടാണ് സൂചന.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിൻ സി. ബാബു. കെ.എൽ.പ്രസന്നകുമാരി ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും പത്തിയൂർ പഞ്ചായത്ത് മുൻപ്രസിഡന്റും മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ബിപിൻ സി. ബാബുവിനെതിരെ ഭാര്യയും ഡി.വൈ.എഫ് ഐ ജില്ലാകമ്മിറ്റി അംഗവുമായ അഡ്വ.മിനീസാ ജബ്ബാർ പാർട്ടിക്ക് നൽകിയ പരാതിയെ തുടർന്ന് കായംകുളം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ബിപിൻ സി. ബാബുവിനെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റിയിൽ ബിപിനെ ഉൾപ്പെടുത്തിയെങ്കിലും ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചതാണ് അമ്മ പ്രസന്നകുമാരി രാജിവച്ചത്.