ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫും ഇന്നലെയും മണ്ഡലത്തിൽ സജീവമായിരുന്നപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ഡൽഹിയിലായിരുന്നു.
ശോഭ സുരേന്ദ്രന്റെ ഇന്നലത്തെ പര്യടനം കരുനാഗപ്പള്ളിയിലെ അമൃതപുരി അഴീക്കൽ , ആലുംപിടിക , മഞ്ചാടിമുക്ക്, പുത്തൻചന്തയിൽ എന്നിവിടങ്ങളിലായിരുന്നു. അരൂരിലെ പൂച്ചാക്കൽ വടക്കകരയിൽ നിന്ന് ആരംഭിച്ച പര്യടനം ശീരാമേശ്വരം ക്ഷേത്ര ഗ്രൗണ്ടിൽ സമാപിച്ചു. ഇന്ന് ചേർത്തല, ആലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലാണ് പ്രചരണം.
എ.എം.ആരിഫ് ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിന് ഇന്നലെ തുടക്കം കുറിച്ചു. രാവിലെ മുണ്ടുചിറയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി കൊമ്മാടി വായനശാലക്ക് പടിഞ്ഞാറ് സമാപിച്ചു. വിഷുദിനമായ ഇന്ന് രാവിലെ 7ന് ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ സന്ദർശനം എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.
കെ.സിവേണുഗോപാൽ ഡൽഹിയിലായതിനാൽ ഇന്നലെ യു.ഡി.എഫിന് കുടുംബയോഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബൂത്ത് തലത്തിലും മണ്ഡലം തലത്തിലുമുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ഉറുദു കവിയും രാജ്യസഭ എം.പിയുമായ ഇമ്രാൻ പ്രതാപ് ഗാർഹി ഇന്ന് കെ.സി വേണുഗോപാലിനായി അരൂക്കുറ്റി, ആലപ്പുഴ സക്കറിയ ബസാർ, തൃക്കുന്നപ്പുഴ, കായംകുളം,കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ സംസാരിക്കും. 16നേ കെ.സി
ഡൽഹിയിൽ നിന്ന് മടങ്ങി എത്തുകയുള്ളൂ.