കുട്ടനാട്: കുവൈറ്റിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കൊല്ലം, ആലപ്പുഴ സ്വദേശികളായ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി. ചമ്പക്കുളം പഞ്ചായത്ത് പുന്നക്കുന്നത്തുശ്ശേരി മാപ്പളാം പറമ്പ് സീമ (45) ആണ് പുളിങ്കുന്ന് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. തട്ടിപ്പിന് ഇരയായ യുവാക്കളുടെ ബന്ധുക്കൾ പണം തിരികെ ആവശ്യപ്പെട്ട് രാത്രി സീമയുടെ വീടിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയതോടെയാണ് കാര്യങ്ങൾ അറസ്റ്റിലേക്ക് നീങ്ങിയത്. കൊല്ലം സ്വദേശിയായ യുവാവിൽ നിന്ന് 1,​80,​000 ഉം ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് 1,​40,​000രൂപയുമാണ് ആറുമാസം മുമ്പ് തട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.