ആലപ്പുഴ: തിരഞ്ഞെടുപ്പിന് പത്തുനാൾ മാത്രം ശേഷിക്കെ ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിൽ പൊടിപൊടിച്ച് പ്രചാരണം. മേടച്ചൂട് കൂസാതെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി സ്വീകരണ പരിപാടികൾ പുരോഗമിക്കുന്നതിനിടെ മൂന്നുമുന്നണികളുടെയും ദേശീയ,സംസ്ഥാന നേതാക്കൾകൂടി കളത്തിലിറങ്ങിയതോടെ നാടാകെ വോട്ടാവേശത്തിലായി. 23ന് പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ കൊട്ടിക്കലാശം വരെ ഇനിയുള്ള ദിവസങ്ങൾ തീപാറും. പാനൂരും പൗരത്വവും മുതൽ കേരള സ്റ്റോറിയും തൃപ്പൂണിത്തുറയും വരെ കൊണ്ടും കൊടുത്തും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് അതിന്റെ പാരമ്യത്തിലെത്തിച്ച് വോട്ടർമാരുടെ മനസിളക്കുകയാണ് ലക്ഷ്യം. പ്രധാന മന്ത്രിയും രാഹുൽ ഗാന്ധിയുമുൾപ്പെടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ സംസ്ഥാന നേതാക്കളും മണ്ഡല
പര്യടനത്തിലാണ്.
പൗരത്വം മുതൽ പാനൂർ വരെ
20 മണ്ഡലങ്ങളിലും ഇടതുതരംഗമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ, വിട്ടുകൊടുക്കാൻ യു.ഡി.എഫും തയ്യാറല്ല. 20 സീറ്റും നേടുമെന്നാണ് അവരുടെ ആത്മവിശ്വാസം. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വിയർപ്പൊഴുക്കുകയാണ് ബി.ജെ.പി. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് മണിപ്പൂരും പൗരത്വ നിയമഭേദഗതിയുമെല്ലാം നേരത്തേതന്നെ ചർച്ചവിഷയമാണ്. മുഖ്യമന്ത്രിയും മുന്നണിയും സി.എ.എ റാലികളുമായി മണ്ഡലങ്ങളിൽ നിറഞ്ഞപ്പോൾ ബി.ജെ.പിയെയും സംസ്ഥാന സർക്കാരിനേയും കടന്നാക്രമിച്ചാണ് യു.ഡി.എഫ് കളം നിറഞ്ഞത്.
പൗരത്വം വിഷയത്തിൽ സി.പി.എമ്മിന് ആത്മാർഥതയില്ലെന്നും പ്രക്ഷോഭകാലത്ത് എടുത്ത കേസുകൾ പിൻവലിക്കാത്തത് ഇതിനു തെളിവാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായാണ് കോൺഗ്രസ് പ്രകടനപത്രിക സി.പി.എം ചർച്ചയാക്കിയത്. എന്നാൽ, പത്രികയുടെ എട്ടാം പേജിൽ വിഷയം പരാമർശിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോൺഗ്രസ് അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. രാഷ്ട്രീയത്തിനപ്പുറം എല്ലാറ്റിനും കാരണം കേന്ദ്രസർക്കാർ ആണെന്ന് ആവർത്തിച്ച് ആരോപിച്ചും പിന്തുണ ഉറപ്പിക്കാനുള്ള അടവുനയമാണ് അവസാന ലാപ്പിൽ ഇടതുമുന്നണി പയറ്റുന്നത്.
പാനൂർ ഉയർത്തി അക്രമരാഷ്ട്രീയം ചർച്ചയാക്കുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കേരളത്തിൽ ദേശീയ സാഹചര്യങ്ങൾ മുൻനിർത്തി കോൺഗ്രസിന് പരമാവധി വോട്ടുകിട്ടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുമാണ് യു.ഡി.എഫ് നീക്കം.
മണ്ഡലങ്ങളിലുടനീളം സ്ഥാനാർത്ഥികളും പ്രവർത്തകരും പലതവണ പര്യടനം പൂർത്തിയാക്കിയെങ്കിലും അവസാന ദിവസം വരെ പരമാവധി ആളുകളെ കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് ലക്ഷ്യം. മണ്ഡല പര്യടനങ്ങൾക്ക് പുറമേ
പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ, ഭവന സന്ദർശനം തുടങ്ങിയ പരിപാടികളാണ് മുന്നണികൾ നിശ്ചയിച്ചിട്ടുള്ളത്. 23നാണ് പരസ്യപ്രചരണം അവസാനിക്കുന്നത്.
രാഹുൽ,പ്രിയങ്ക,യെച്ചൂരി...
പൊതു സമ്മേളനങ്ങളിലും യോഗങ്ങളിലും സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി.രാജ, സുഭാഷിണി അലി തുടങ്ങിയ ദേശീയ നേതാക്കൾക്ക് പുറമേ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സംസ്ഥാന- ജില്ലാനേതാക്കളും പ്രചരണത്തിനെത്തും. തീരദേശ മണ്ഡമായ ആലപ്പുഴയിൽ കരുനാഗപ്പള്ളി മുതൽ അരൂർ വരെ മണ്ഡല പര്യടനം, റോഡ് ഷോ എന്നിവയും എൽ.ഡി.എഫ് ലക്ഷ്യമിടുന്നുണ്ട്. രാഹുലും പ്രിയങ്കയുമുൾപ്പെടെയുള്ള ദേശീയ നേതാക്കളെ ഇറക്കാനാണ് കോൺഗ്രസ് പദ്ധതി. എ ക്ളാസ് മണ്‌ഡലമായി ഉയർത്തപ്പെട്ടതോടെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളെല്ലാം ആലപ്പുഴയിൽ സജീവമായുണ്ട്. ബി.ജെ.പി സംസ്ഥാന സംസ്ഥാന നേതാക്കളായ ശിവശങ്കരൻ, കുമ്മനം രാജശേഖരൻ, ഡോ.പ്രമീളാദേവി, വി.ടി.രമ, സിനിമ താരം വിവേക് ഗോപൻ തുടങ്ങിയവരും ബി.ജെ.പിക്കായി പ്രചരണത്തിനുണ്ട്.