ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ ചുങ്കം - പള്ളാത്തുരുത്തി റോഡ് പ്രദേശവാസികൾക്ക് തലവേദനയാകുന്നു .കുണ്ടും കുഴിയുമില്ലാത്ത റോഡിൽ യൂത്തൻമാരുടെ വാഹന അഭ്യാസമാണ്. ജനങ്ങളുടെ നെഞ്ചിൽ തീയാളുന്ന തരത്തിലാണ് റോഡിലെ ഇരുചക്രവാഹനങ്ങളുടെ മരണപ്പാച്ചിൽ. റോഡ് യാഥാർത്ഥ്യമായി ഒന്നരവർഷത്തിനിടെ പ്രദേശത്ത് നിരവധി അപകടങ്ങളും റോഡപകടത്തിൽ മൂന്ന് മരണങ്ങളും സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. കനാൽ തീരത്ത് താരതമ്യേന വീതി കുറഞ്ഞ റോഡിലേക്ക് ഇറങ്ങിയാണ് പല വീടുകളും സ്ഥിതി ചെയ്യുന്നത്. വീട്ടിൽ നിന്ന് നേരെ റോഡിലേക്ക് ഇറങ്ങുന്നത്. യുവാക്കളുടെ മത്സരയോട്ടം മൂലം ഭീതിയിലാണ് റോഡിലേക്ക് എത്തുന്നതെന്ന് വീട്ടമ്മമാർ പറയുന്നു. നിലവിൽ മറിഞ്ഞു വീണാൽ ഒന്നുകിൽ വാഹനത്തിനടിയിൽ, അല്ലെങ്കിൽ വെള്ളത്തിൽ എന്നതാണ് സ്ഥിതി.
......
# തലപൊക്കി കുട്ടി ഡ്രൈവർമാർ
അവധിക്കാലമായതോടെ കുട്ടി ഡ്രൈവർമാരും വാഹനങ്ങളെടുത്ത് നിരത്തിലിറങ്ങി തുടങ്ങി. പരിശോധന ഇല്ലാത്ത ഇടറോഡുകളിലാണ് ഇവരുടെ അഭ്യാസം. പലരും രക്ഷിതാക്കളുടെ അറിവോടെയാണ് വാഹനങ്ങൾ നിരത്തിലിറക്കുന്നത്. കൂട്ടുകാരുടെ മേൽനോട്ടത്തിലാണ് ഡ്രൈവിംഗ് പഠനം. കഴിഞ്ഞ അവധിക്കാലത്ത് സംസ്ഥാനത്ത് 400ലധികം കേസുകളാണ് കുട്ടി ഡ്രൈവർമാരുടേതായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
.......
പ്രായപൂർത്തിയാകാത്തവർ ഗതാഗതലഘനം നടത്തിയാൽ
രക്ഷിതാവോ, വാഹന ഉടമയോ പ്രതിയാകും.
മൂന്ന് വർഷം തടവും 25000 രൂപും പിഴയും.
വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദ് ചെയ്യും.
പിടിയിലാകുന്ന കുട്ടിക്ക് 25 വയസാകുന്നത് വരെ ലേണേഴ്സ്, ലൈസൻസ് നിഷ്ക്കർഷിക്കും.
...........
''പേടിച്ചാണ് വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നത്. പരിശോധനയില്ലാത്തതിനാൽ ഹെൽമറ്റ് പോലും ധരിക്കാതെ ചീറിപ്പായുകയാണ് ഇരുചക്രയാത്രികർ. റോഡ് നന്നായതോടെ കാറിലെത്തുന്നവർ പോലും അമിത വേഗത്തിലാണ് ഡ്രൈവ് ചെയ്യുന്നത്.
ആശ, തിരുമല വാർഡ്