
മാന്നാർ: ജൈവവൈവിധ്യം നിറഞ്ഞതും പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രവുമായ കാവുകൾ അന്യമാകുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണത്തിനായുള്ള സന്ദേശങ്ങളും വഹിച്ച് കുട്ടികൾ സൈക്കിൾ യാത്ര നടത്തി. മാന്നാർ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാല ബാലവേദി കുട്ടികളാണ് അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതിപഠനയാത്ര നടത്തിയത്. മാന്നാറിലെ പ്രധാന കാവുകളായ നാലേകാട്ടിൽ കാവ്, പല്ലവനകാവ്, വതല്ലൂർ കാവ്, മൂന്നു പുരയ്ക്കൽ കാവ്, വല്ലൂർ കാവ് തുടങ്ങി പത്തോളം കാവുകൾ സന്ദർശിച്ച് ജൈവ വൈവിധ്യങ്ങളെ കുറിച്ചും കാവുകളിലെ ആവാസ വ്യവസ്ഥകളെ കുറിച്ചും പഠനം നടത്തി. ജൈവ കളകളായ വള്ളി പടർപ്പുകൾ കാവുകളിലെ മരങ്ങൾക്ക് ഭീഷണിയാകുന്നതായും പല കാവുകളുടെയും വിസ്തൃതി വലിയതോതിൽ കുറഞ്ഞതായും പഠനം വിലയിരുത്തി. പരിസ്ഥിതി പ്രവർത്തകനും പക്ഷിനിരീക്ഷകനുമായ വിപിൻ വി.നാഥ്, എൽ.പി സത്യപ്രകാശ്, ഗണേഷ് കുമാർ.ജി, വീണ രാജീവ് എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.