ആലപ്പുഴ: വേനലവധിക്കാലം ആഘോഷമാക്കാൻ കുട്ടികളുടെ 'വേനൽ പാഠം' സമ്മർക്യാമ്പിന് തുടക്കം. പരിശീലകന് ബാസ്‌ക്കറ്റ്ബാൾ നൽകി കളക്ടർ അലക്‌സ് വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണിൽ കളിച്ചും ടി.വി കണ്ടും അവധിക്കാലം കളയാതെ കുട്ടികൾക്ക് കായിക പരിശീലനവും മാനസിക ഉല്ലാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വേനൽ പാഠം സമ്മർ ക്യാമ്പ് ആരംഭിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വേനൽക്കാല സ്‌പോർട്സ് ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ജില്ല ഭരണകൂടത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ജില്ലയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നിർദ്ധനരായ ആയിരം കുട്ടികൾക്കാണ് കായിക പരിശീലനം. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പരിശീലന സൗകര്യം ഒരുക്കുന്നത്. ജില്ലാഭരണകൂടവും ആലപ്പുഴ സ്‌പോർട്‌സ് കൗൺസിലും വൈ.എം.സി.എ.യും ജവഹർ ബാലഭവനും മറ്റു കായിക സംഘടനകളും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വി.ജി.വിഷ്ണു, സി.വി.ബിജിലാൽ, കെ.ആർ.പ്രേമചന്ദ്രൻ, അഡ്വ. കുര്യൻ ജെയിംസ്, ടി.കെ.അനിൽ, ടി.ജയമോഹൻ, എബ്രഹാം കുരുവിള, ഡോ. കുര്യപ്പൻ വർഗ്ഗീസ്, റോണി മാത്യു, മറ്റ് സംഘാടകർ പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.

........

#അവധിക്കാല പരിശീലനം

നീന്തൽ, അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബാൾ, ഫുട്‌ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, കളരിപ്പയറ്റ്, കരാട്ടെ, തായ്‌ക്കൊണ്ടോ, ബോക്‌സിംഗ്, കബഡി.