ആലപ്പുഴ: ഭരണ, പ്രതിപക്ഷ മുന്നണികളുടെ ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതോടെ ജില്ലയിൽ പോരാട്ടത്തിന്റെ തീക്കാറ്റ് വീശും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയും ഇടതുമുന്നണിക്കായി പ്രചാരണം നടത്തുന്ന ജില്ലയിൽ, വരും ദിവസങ്ങളിൽ കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പെടെയുള്ള നേതാക്കളാണ് എത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അമിത് ഷായാണ് ബി.ജെ.പിക്കായി എത്തുന്നത്. വോട്ടെടുപ്പിന് ഒമ്പത് ദിവസം മാത്രം അവശേഷിക്കുകയും പ്രചാരണം പാരമ്യത്തിലെത്തിയതോടെ മേടച്ചൂടിനപ്പുറമാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ചൂട്. ദേശീയ നേതാക്കളുടെ പ്രസംഗങ്ങളിലൂടെ വോട്ടർമാരുടെ മനസിളക്കുകയാണ് ഇനിനേതാക്കളുടെ ദൗത്യം.
# സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നും നാളെയും ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുന്നുണ്ട്. നാളെ ആലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ.എം ആരിഫിന്റെ പ്രചരണാർത്ഥം ഹരിപ്പാടും കരുനാഗപ്പള്ളിയും പൊതുയോഗങ്ങളിൽ സംബന്ധിക്കും. 20ന് സീതാറാം യെച്ചൂരി അമ്പലപ്പുഴയിലും 20ന് സുഭാഷിണി അലി മാവേലിക്കരയിലും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംബന്ധിക്കും.
# യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിനൊപ്പം നാളെ തെലങ്കാന മുഖ്യമന്ത്രി രേവന്ദർറെഡി കായംകുളത്ത് റോഡ് ഷോയിൽ പങ്കെടുക്കും.19ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എല്ലാ നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കും. 20ന് ലീഗ് നേതാവ് മുനവറലി തങ്ങൾ മണ്ണഞ്ചേരി, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ യോഗങ്ങളിൽ സംബന്ധിക്കും. 22ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കായംകുളത്തും കെ.എൻ.എ ഖാദർ കായംകുളത്തും ആലപ്പുഴയിലും തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംബന്ധിക്കും. 22ന് രാഹുൽ ഗാന്ധി ആലപ്പുഴ നഗരത്തിൽ കെ.സി വേണുഗോപാലിനായി പ്രചരണം നടത്തും. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ പ്രചരണത്തിനായി കുന്നത്തൂരിൽ പ്രിയങ്ക ഗാന്ധിയും തിരഞ്ഞെടുപ്പ് യോഗത്തിൽ സംബന്ധിക്കും.
# 23ന് രമേശ് ചെന്നിത്തലയും യു.ഡി.എഫിനായി തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ സംബന്ധിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ നൽകുന്ന വിവരം.
# എൻ.ഡി.എയ്ക്കായി മുതിർന്ന ബി.ജെ.പി നേതാവും ആഭ്യന്ത്ര മന്ത്രിയുമായ അമിത് ഷായാണ് ആലപ്പുഴയിൽ പ്രചരണത്തിനെത്തുക. അമിത് ഷായെ കൂടാതെ താര പ്രചാരകരെയും സംസ്ഥാന- ദേശീയ നേതാക്കളെയും ബി.ജെ.പി കളത്തിലിറക്കും.