ആലപ്പുഴ: മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമുള്ള വീട്ടിൽ വോട്ടിൽ ആകെ കൺഫ്യൂഷൻ. ബാലറ്റിൽ വോട്ട് അടയാളപ്പെടുത്തുന്നതിനുള്ള വോട്ടിംഗ് സീലിന് പകരം പേന ഉപയോഗിച്ച് ടിക്ക് (ശരി) അടയാളമോ ക്രോസ് മാർക്കോ (ഗുണനചിഹ്നം) ചെയ്യാൻ പോളിംഗ് ഉദ്യോഗസ്ഥർ നിർദേശിച്ചതാണ് 85ന് മേൽപ്രായമുള്ളവരെയും ഭിന്നശേഷിക്കാരെയും ആശയക്കുഴപ്പത്തിലാക്കിയത്. ആലപ്പുഴയിൽ ആലിശേരി ബൂത്തിലെ ഏതാനും വീടുകളിലായിരുന്നു വീട്ടിൽ വോട്ട് പദ്ധതിയുടെ ഉദ്ഘാടനം. മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി രേഖകളുടെ സഹായത്തോടെ വോട്ടർമാരെ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യാനായി ബാലറ്റ് നൽകി. വോട്ട് രേഖപ്പെടുത്താൻ പേന കൈമാറിയ ഉദ്യോഗസ്ഥർ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടിക്ക് അടയാളമോ ഗുണനചിഹ്നമോ രേഖപ്പെടുത്താൻ നിർദേശിച്ചതോടെയാണ് വോട്ടർമാരും വീട്ടുകാരും കൺഫ്യൂഷനിലായത്. ഗുണനചിഹ്നം തെറ്റായ അടയാളമായി കരുതിയാലോയെന്ന സംശയവും ചിലർ ഉന്നയിച്ചു.
പോളിംഗ് ബൂത്തിൽ സീൽ ഉപയോഗിച്ചുള്ള ശീലമാണ് പ്രശ്നമായത്. വീടുകളിൽ വോട്ട് ചെയ്യാവുന്ന പുതിയ പദ്ധതിയിൽ വോട്ടിംഗ് സീലില്ലാത്തതെന്തെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്കും കഴിഞ്ഞില്ല.
വീട്ടിലെ വോട്ട്
ബി.എൽ.ഒ മുഖേന ഫാറം 12 ഡിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85ന് മേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കുമാണ് വീട്ടിൽ തന്നെ വോട്ടു രേഖപ്പെടുത്താൻ സൗകര്യം. മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥൻ, സിവിൽ പൊലീസ് ഓഫീസർ, ക്യാമറാമാൻ എന്നിവർ അടങ്ങിയ 101 സംഘങ്ങളെയാണ് ആലപ്പുഴ മണ്ഡലത്തൽ ഇതിനായി നിയോഗിച്ചിട്ടുള്ളത്. 25 വരെ ഭവന സന്ദർശനം നടത്തി ഇവർ വോട്ട് ഉറപ്പാക്കും.