ആലപ്പുഴ: എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഒന്നാം സാക്ഷിയായ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് ആലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി. രണ്ടാം സാക്ഷിയായ കെ.പി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞടുപ്പ് ജനറൽ കൺവീനറുമായ എ.എ.ഷുക്കൂർ അസൗകര്യങ്ങൾ കാരണം ഹാജരായില്ല. കേസ് 30ന് വീണ്ടും പരിഗണിക്കും. കെ.സി.വേണുഗോപാലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരന്തരം ഉന്നയിച്ചതിന് എതിരായാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.