
ചേർത്തല: നാഡികളെ ഉണർത്താനെന്ന പേരിലിറക്കിയ വാം അപ്പ് മെഷീൻ ഉപയോഗിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കാലിനു ഗുരുതരമായി പൊള്ളലേറ്റ ചേർത്തല ചാലിൽനികർത്തിൽ കെ.ഡി.നിശാകരൻ(69)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉപകരണത്തിൽ നിന്ന് പൊള്ളലേറ്റ കാൽ മുറിച്ചുമാറ്റേണ്ട ഘട്ടത്തിൽ വരെയെത്തി തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹം വീട്ടിൽ വിശ്രമത്തിലിരിക്കെയായിരുന്നു മരണം. പൊള്ളലേറ്റത് തന്നെയാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ മകൻ ഒ.എൻ.സനൽകുമാർ പൊലീസിലും മുഖ്യമന്ത്റിക്കും നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടന്നുവരുന്നതിനിടെയായിരുന്നു മരണം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും നിർമ്മാതാക്കളായ സ്വകാര്യ കമ്പനി പ്രതിനിധികൾക്കെതിരേയും വിൽപന നടത്തിയ ഏജന്റിനെതിരെയും കേസെടുക്കുമെന്നാണ് വിവരം. പൊലീസ് ഇടപെട്ട് ചികിത്സാചെലവിനടക്കം കമ്പനിയിൽ നിന്ന് 1.20ലക്ഷം നഷ്ടപരിഹാരമായി നൽകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഇതും വ്യാജചെക്കു നൽകി കബളിപ്പിച്ചെന്നും പരാതിയുണ്ട്.
സുരക്ഷയില്ല
ജനുവരി 13ന് നിശാകരനുംഭാര്യയും മാത്രം വീട്ടിലുള്ളപ്പോഴാണ് കമ്പനിക്കാരൻ വീട്ടിലെത്തി മെഷീൻ വിറ്റത്. വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന ഉപകരണത്തിന് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. 850 രൂപ വിലവരുന്ന ഉപകരണമാണ് നിശാകരനു കൊടുത്തത്. ഇതു തന്നെ തവണകളായി കൊടുത്താൽ മതിയെന്ന വ്യവസ്ഥയിലായിരുന്നു വിൽപന. ഇത് ഉപയോഗിച്ചു തുടങ്ങിയതോടെ 29 ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞത്. അശാസ്ത്രീയമായ ഉപകരണം ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.