jayanu-puraskaarm

മാന്നാർ: അന്തരിച്ച ഗായകനും സംഗീത സംവിധായകനുമായ ഡോ.കെ.ജി ജയന്റെ മായാത്ത ഓർമ്മകൾ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലും മായാതെ നിറഞ്ഞു നിൽക്കുന്നു. രണ്ടു പതിറ്റാണ്ടായി തൃക്കുരട്ടി മഹദേവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന അഖിലകേരള രാമായണമേളയോടനുബന്ധിച്ച് നൽകി വരുന്ന രാമായണ പുരസ്‌കാരം നേടിയ പ്രതിഭ കൂടിയാണ് കെ.ജി ജയൻ. 2022 ആഗസ്റ്റ് 14ന് നടന്ന 20-ാമത് അഖിലകേരള രാമായണമേളയിലാണ് കെ.ജി ജയന് രാമായണപുരസ്‌കാരം സമ്മാനിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ അദ്ധ്യക്ഷതയിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്ത രാമായണമേള സമാപന സമ്മേളനത്തിൽ പി.സി വിഷ്ണുനാഥ് എം.എൽ.എയായിരുന്നു പുരസ്‌കാര സമർപ്പണം നടത്തിയത്.

ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെ ഇരട്ട മക്കളായ ജയവിജയന്മാർ ആറാംവയസ് മുതൽഅഭ്യസിച്ചു തുടങ്ങിയതാണ് സംഗീതം. അദേഹത്തിന്റെ 85-ാം വയസിൽ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മശ്രീ ലഭിക്കുകയുണ്ടായി. സംഗീത നാടക അക്കാദമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ "കലാരത്നം'' ഭക്തിസംഗീത സമ്രാട്ട്, തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അഖിലകേരള രാമായണമേളയിൽ കേരളകൗമുദി പുറത്തിറക്കിയ രാമായണമേളയുടെ പ്രത്യേക സപ്ലിമെന്റ് അദ്ദേഹത്തിന് ഏറെ സന്തോഷം പകർന്നിരുന്നു. പ്രായാധിക്യത്തിന്റെ അവശതകൾ വകവെക്കാതെ വളരെ ആവേശത്തോടെയാണ് അന്ന് രാമായണമേളയുടെ സമാപന സമ്മേളനത്തിൽ കെ.ജി ജയൻ പങ്കെടുക്കാനെത്തിയതെന്ന് സംഘാടകർ ഓർമ്മിക്കുന്നു.