
തുറവൂർ: തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ അന്യ സംസ്ഥാനതൊഴിലാളിയായ യുവാവ് മരിച്ചു. ബീഹാർ ഫാൻഗോ ഖാജരിയ സ്വദേശി സാഹിദ് ആലം (29) ആണ് മരിച്ചത്. ദേശീയപാതയിൽ ചമ്മനാട് ക്ഷേത്രത്തിന് തെക്കുവശം ഇന്നലെ രാവിലെ 11 ന് ആയിരുന്നു അപകടം. റോഡിന് മദ്ധ്യത്തിലുള്ള 231-ാം നമ്പർ പില്ലറിന് മുകളിൽ വച്ച്, ക്രെയിനിൽ ഉയർത്തിയ ഷട്ടറിംങ് പ്ലേറ്റ് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ മറ്റ് തൊഴിലാളികൾ ചേർന്ന് ഉടൻ താഴെയിറക്കി തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുത്തിയതോട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഒരു വർഷം മുമ്പ് ആരംഭിച്ച എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ ജോലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ച അന്യ സംസ്ഥാനതൊഴിലാളികളുടെ എണ്ണം ഇതോടെ മൂന്നായി.