car-accident

മാന്നാർ: മാവേലിക്കര-തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിന് മുമ്പിൽ കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനെ ഇടിച്ച ശേഷം വൈദ്യുത പോസ്റ്റിൽ ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു. കാൽനട യാത്രക്കാരനായ മാന്നാർ കുരട്ടിക്കാട് പ്രിൻസി വില്ലയിൽ പി.ജെ സെബാസ്റ്റ്യന് (65) ഗുരുതര പരിക്കേറ്റു. കാർ യാത്രികരായ മാന്നാർ സ്വദേശികളായ സുജിത്, പ്രണവ്, അക്ഷയ്, സനൂജ് എന്നിവർക്കും സാരമായ പരിക്കേറ്റു. ഇവരെ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ നടന്ന അപകടത്തിൽ 11കെ.വി ഉൾപ്പെടെയുള്ള വൈദ്യുത ലൈനുകൾ പൊട്ടി വീണതോടെ മാന്നാർ മുഴുവൻ ഇരുട്ടിലായി. മാന്നാർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിക്കേണ്ടി വന്നതിനാൽ മാന്നാർ ടൗണിൽ ഇന്നലെ പകൽ മുഴുവനും തടസപ്പെട്ട വൈദ്യുതി ബന്ധം വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത്.