ചേർത്തല:വീട്ടിലേക്കുള്ള വഴി അടച്ച് സി.പി.എം കൊടിസ്ഥാപിച്ചെന്ന് പരാതി. വഴിയില്ലാത്തതിനാൽ വീടുപണി മുടങ്ങിയതിൽ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികൻ. ചേർത്തല നഗരസഭ 15ാം വാർഡിൽ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ കയറിയിരുന്നത്. പൊലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്റെ സഹോദരിയുടെ മകൾ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിന് കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങൾ നടന്നിരുന്നു. ഇതിനായി സ്ഥലം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നൽകിയതിനാൽ ഇവർ അതു നിരസിച്ചു. തുടർന്നാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. പലതവണ പാർട്ടി നേതാക്കളെ സന്ദർശിച്ചു പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നാണ് വിമർശനം.കൊടിമാറ്റാൻ പണം ആവശ്യപ്പെട്ടെന്ന വിമർശനവും ഇവർ ഉയർത്തിയിട്ടുണ്ട്.
എന്നാൽ തീർത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്ന് സി.പി.എം എക്സറേ ലോക്കൽ സെക്രട്ടറി കെ.പി. പ്രതാപൻ പറഞ്ഞു. പ്രദേശത്തിന്റെ വികസനത്തിനായി റോഡിനായി നടത്തിയ ശ്രമങ്ങൾ പോലും, അട്ടിമറിച്ചവരാണ് ആത്മഹത്യാ നാടകം ആസൂത്രണം ചെയ്ത് പാർട്ടിയെ പ്രതികൂട്ടിലാക്കാൻ ശ്രമിച്ചത്.ഇതിനു പിന്നിൽ ഗൂഡാലോചനയുണ്ട്.ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിരിക്കുന്നത്.മറ്റൊരു സ്ഥലത്ത് ഉടമയുടെ പൂർണ അനുമതിയോടെയാണ് കൊടി സ്ഥാപിച്ചിരിക്കുന്നത്.