
പന്തളം: ഓരോ ക്ഷേത്രങ്ങളും ആ പ്രദേശത്തിന്റെ വിളക്കും അഭയകേന്ദ്രങ്ങളുമാണെന്ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. കുടശനാട് പാലവിളയിൽ ദേവീക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കലശപൂജകൾക്ക് ശേഷം ക്ഷേത്രസമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രാരാധന വഴി നമ്മുടെ പാരമ്പര്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിച്ച് അന്വർത്ഥമാക്കാൻ കഴിയണം. ക്ഷേത്രങ്ങൾ വിളക്കുകളായി പ്രകാശം ചൊരിയുമെന്നും അത് സമൂഹത്തിന് നന്മയും ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മാതാ അമൃതാനന്ദമയി മഠം ബ്രഹ്മചാരിണി സാത്വികാമൃത ചൈതന്യ ഭദ്രദീപ പ്രകാശനം നടത്തി. തന്ത്രിമുഖ്യൻ കണിച്ചുകുളങ്ങര വി പി കുമാരന്റെ മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കലശചടങ്ങുകൾ നടന്നത്. രക്ഷാധികാരി വി.സോമനാഥൻ, സ്ഥപതി വെട്ടിക്കോട്ട് രാധാകൃഷ്ണൻ, ക്ഷേത്രശിൽപ്പി കൃഷ്ണപുരം ജി.രാജീവ്, ഷൈൻ ആർ.നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.