
ഹരിപ്പാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങവേ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവഎൻജിനിയർ ഹരിപ്പാട് മണ്ണാറശ്ശാല പുന്നൂർ മഠത്തിൽ ശ്രീജിത്തിന്റെ മാതാവ് ശ്യാമളാദേവിയും (62) മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാമള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ ശങ്കരനാരായണ പണിക്കരുടെ ഭാര്യയാണ്. ശ്രീജിത്തിന്റെ ഭാര്യ അഭിജ, മകൾ ശ്രേഷ്ഠ, ഭാര്യാ മാതാവ് വത്സല കുമാരി, എതിരെ വന്ന കാർ ഓടിച്ചിരുന്ന കാക്കനാട് കുസുമഗിരി നെടുംകുളങ്ങര അറക്കപ്പറമ്പിൽ അഡ്വ.ധന്യ (35) എന്നിവരും ചികിത്സയിലാണ്. ധന്യയുടെ ഭർത്താവ് വിശാൽകുമാർ (43), മകൻ ശ്രീദേവ് (രണ്ടര) എന്നിവർ കാറിലുണ്ടായിരുന്നെങ്കിലും ഇവർക്ക് സാരമായ പരുക്കില്ല.
വ്യാഴാഴ്ച രാവിലെ ഏഴോടെ ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു വടക്കുഭാഗത്തായിരുന്നു അപകടം. മരിച്ച ശ്രീജിത്തും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷം ഹരിപ്പാടേയ്ക്ക് പോകുകയായിരുന്നു. മാക്കേക്കടവിൽ വിശാലിന്റെ കുടുംബ വീട്ടിൽ നിന്ന് കാക്കനാട്ടേയ്ക്ക് പോകുകയായിരുന്നു ധന്യയും കുടുംബവും. ശ്രീജിത്തിന്റെ കാർ നിയന്ത്രണം തെറ്റി ധന്യയുടെ കാറിൽ ഇടിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.