ഹരിപ്പാട്: ഉയരപ്പാത നിർമ്മാണത്തിനായി ദേശീയ പാതയുടെ ഒരുഭാഗം അടച്ചതോടെ ഹരിപ്പാട് ടൗണിൽ ഗതാഗത കുരുക്കും അപകട സാദ്ധ്യതയുമേറുന്നു. ഒരുമാസം മുമ്പ് സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ മരിച്ച ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസോ ട്രാഫിക് വാർഡൻമാരോ ഇല്ല. മാധവ ജംഗ്ഷൻ മുതൽ കവലവരെയാണ് ഗതാഗത തടസം. നങ്ങ്യാർകുളങ്ങര കവല മുതൽ ഡാണാപ്പടി വരെ പുതിയ ദേശീയ പാത ഉയരപ്പാതയായാണ് നിർമ്മിക്കുന്നത്. ഗതാഗത തിരക്കേറിയ രാവിലെയും വൈകിട്ടും കുരുക്കിലകപ്പെട്ട വാഹനങ്ങൾ കിലോമീറ്ററോളം ക്യൂവിൽ കിടക്കേണ്ട സ്ഥിതിയാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൂടി ആരംഭിച്ചതോടെ നഗരത്തിൽ ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമായി. ഡാണാപ്പടി, മാധവ ജംഗ്ഷൻ, എഴിയ്ക്കകത്ത് ജംഗ്ഷൻ, ഗവ. ആശുപത്രി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. അതിനിടെ ടൗൺ ഹാൾ മുതൽ - ആശുപത്രി ജംഗ്ഷൻ വരെ നിലവിലുണ്ടായിരുന്ന വൺവേ നിയന്ത്രണം കോടതി ഇടപെട്ട് നീക്കം ചെയ്തു. ഒരുമാസം മുമ്പാണ് ഹരിപ്പാട് നഗരത്തിൽ ദേശീയ പാത വീതികൂട്ടലിന്റെ ഭാഗമായ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ഉയരപ്പാത നിർമ്മാണത്തിനായി ഡാണാപ്പടി മുതൽ കവല വരെ ദേശീയപാതയുടെ ഒരുഭാഗം പൈലിംഗിനും പില്ലറുകളുടെ നിർമ്മാണത്തിനുമായി അടച്ചു. നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ വേർതിരിക്കാനായി റോഡ് കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ച് അടച്ചതോടെ വാഹനങ്ങൾക്കോ കാൽനടക്കാർക്കോ വശങ്ങളിലേക്ക് ഒഴിയാനും സാധിക്കാത്ത സ്ഥിതിയാണ്.
..................
അലക്ഷ്യമായ പാർക്കിംഗ്
ഉത്സവആഘോഷത്തിനും ക്ഷേത്ര ദർശനത്തിനുമായെത്തുന്ന ഭക്തരും ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളും ദേശീയ പാതയിൽ നിന്ന് തിരിയാനും പ്രവേശിക്കാനും ഏറെ നേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ഇടുങ്ങിയ റോഡിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നതാണ് മറ്റൊരു പ്രശ്നം. ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങളാണ് ഗതാഗത കുരുക്കിന്റെ ദുരന്തഫലം കൂടുതലായും നേരിടുന്നത്. ഹരിപ്പാട് ടൗൺ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിംഗോ ജംഗ്ഷനിൽ പൊലീസിന്റെ സേവനമോ ലഭിച്ചാൽ മാത്രമേ ഗതാഗത കുരുക്കും അനധികൃത പാർക്കിംഗുമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ.