ആലപ്പുഴ: അവധിക്കാലം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ആഘോഷത്തിന്റെയും സമാന്തര പഠനങ്ങളുടെയും കൂടി കാലമാവുകയാണ്. നഗരത്തിലെ രാജാകേശവദാസ് നീന്തൽ കുളത്തിൽ കഴിഞ്ഞ വർഷം പരിശീലനം പുനരാരംഭിച്ചത് മുതൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തവണ ഇരുന്നൂറിലധികം കുട്ടികളാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നേടുന്നത്. പലരുടെയും രക്ഷിതാക്കളും പഠിതാക്കളായുണ്ട്. കുട്ടികളുടെ ക്ലാസ് ഇരുപത് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമ്പോൾ മുതിർന്നവർക്ക് ഒരു മാസത്തെപരിശീലനമാണ് നൽകുന്നത്. പൊള്ളുന്ന കാലാവസ്ഥയിൽ വെള്ളത്തിലുള്ള പരിശീലനം ആശ്വാസമായി കരുതി എത്തുന്നവരുമുണ്ട്. സ്‌പോർട്‌സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ വിദഗ്ദ്ധ പരിശീലകരാണ് കുട്ടികളയും മുതിർന്നവരെയും അഭ്യസിപ്പിക്കുന്നത്. രാവിലെ 7.30 മുതൽ 10.30 വരെ മൂന്ന് ബാച്ചുകളായാണ് പരിശീലനം. ജലാശയ അപകടങ്ങൾ കുറയ്ക്കുക, മുങ്ങി മരണം ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുട്ടികൾ പരിശീലനത്തിന് എത്തുന്നത്. 20-30 പ്രായവിഭാഗത്തിലെ പുരുഷന്മാരും, നാൽപ്പത് പിന്നിട്ട സ്ത്രീകളുമാണ് മുതിർന്നവരുടെ വിഭാഗത്തിൽ കൂടുതലായെത്തുന്നത്.

........

# പരിശീലനം നേടുന്നവർ

കുട്ടികൾ: 218

മുതിർന്നവർ: 52

# ഫീസ്

കുട്ടികൾക്ക്..........1500 രൂപ

മുതിർന്നവർക്ക് .....2000 രൂപ

.......

''ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികൾക്കൊപ്പം മുതിർന്നവരും പരിശീലനം നേടാൻ ആഗ്രഹിച്ചെത്തുന്നു. വിദഗ്ദ്ധ പരിശീലകരെയും സുരക്ഷാ സംവിധാനങ്ങളെയും സജ്ജീകരിച്ചാണ് പഠനം.

പ്രദീപ്, സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ