
മാവേലിക്കര : അച്ചൻകോവിലാറിനു കുറുകെ ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന കീച്ചേരി കടവ് പാലത്തിന്റെ നിർമ്മാണം നീളുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. 18മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2021ൽ ആരംഭിച്ച പാലം നിർമ്മാണം ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുകയാണ്.
ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളുടെയും ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളുടെയും വികസനം മുന്നിൽകണ്ടുകൊണ്ടാണ് പാലംനിർമ്മാണം ആരംഭിച്ചത്. രണ്ട് തവണ സമയം നീട്ടി നൽകിയിട്ടും നിർമ്മാണം എങ്ങുമെത്താത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. അച്ചൻകോവിലാറിനു നടുവിലുള്ള രണ്ട് തൂണുകൾ പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അടുത്ത മഴക്കാലത്തിനു മുമ്പ് തൂണുകൾ പൂർത്തീകരിച്ചെങ്കിലേ മേൽത്തട്ട് പണി ആരംഭിക്കാൻ കഴിയൂ.
പാലം പണിക്കും സമീപന റോഡിനുമായി 2021ൽ ആറിന്റെ ഇരുവശങ്ങളിലുമുള്ള ഒൻപത് വ്യക്തികളിൽ നിന്നും വസ്തു ഏറ്റെടുത്തിരുന്നു എന്നാൽ ഈ വസ്തുവിന്റെ വില ഇതുവരെ നൽകിയിട്ടില്ല.
തട്ടാരമ്പലത്തിലെ കുരുക്കഴിക്കാം
കീച്ചേരിക്കടവിൽ പാലം വന്നാൽ കരിപ്പുഴ, കടവൂർ ഭാഗങ്ങളിൽ നിന്ന് ചെന്നിത്തലയിലേക്ക് എളുപ്പമെത്താൻ കഴിയും.
തട്ടാരമ്പലം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും പാലംപൂർത്തിയാകുന്നതോടെ അറുതിയാകും
എന്നാൽ കീച്ചേരി കടവലേക്ക് എത്തിച്ചേരുവാനുള്ള രണ്ട് റോഡുകളും തകർന്ന് കിടക്കുകയാണ്.
ഈ വഴികൾ നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയാലെ നാട്ടുകാർക്ക് പാലംകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ
16.5
വസ്തു ഏറ്റെടുക്കുന്നതിനുള്ള ചെലവുൾപ്പടെ വകയിരുത്തിയത് 16.5 കോടി രൂപ
2021
നവംബറിലാണ് പാലം നിർമ്മാണം ആരംഭിച്ചത്.
പാലം നിർമ്മാണം ആരംഭിച്ചിട്ട് 3 വർഷം പിന്നിട്ടിട്ടും തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. അധികൃതരുടെ അനാസ്ഥയാണ് കാരണം. വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ട് പരിഹാരം കാണണം
-വിശ്വംഭരൻ, രോഹിണി