a

മാവേലിക്കര: ഗതാഗത മന്ത്രിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മാവേലിക്കര വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ. ടെസ്റ്റ് ഗ്രൗണ്ടിന് സ്ഥലം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഉദ്യോഗസ്ഥർ. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മേയ് ഒന്ന് മുതൽ നടക്കണമെന്നാണ് കർശന നിർദേശം. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിൽ തന്നെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് ഒരുക്കണമെന്നാണ് നിർദേശം. നിലവിലുള്ളയിടത്ത് സാധിച്ചില്ലെങ്കിൽ പുതിയ സ്ഥലം കണ്ടെത്തണം. താലൂക്കിൽ എവിടെങ്കിലും ഒരു ഏക്കർ സ്ഥലം കണ്ടെത്തണം. പരിധിയിൽ വരുന്ന പ്രദേശത്ത് അനുയോജ്യമായ സ്ഥലം തിരക്കി നടന്നെങ്കിലും ഒന്നും തരപ്പെട്ടില്ല. മണ്ഡലത്തിലെ ചില സ്ഥലങ്ങൾ ഇവർ കണ്ടത്തിയെങ്കിലും വസ്തു ഉടമകൾ എഗ്രിമെന്റും വാടകയും ആവശ്യപ്പെട്ടതോടെ നടപ്പുവശം ഇല്ലാതായി. വാടക ആരുകൊടുക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആശയകുഴപ്പം നിലനിൽക്കുകയാണ്. സർക്കാരിന് കൊടുത്താൽ വാടക കൃത്യമായി കിട്ടുകയില്ലന്നും പിന്നീട് സ്ഥാപനങ്ങളെ ഒഴിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്നുമുള്ള ജനത്തിന്റെ ധാരണയാണ് പല വസ്തു ഉടമകളും സ്ഥലം നൽകാത്തതിന് കാരണമായി പറയുന്നത്.അതിനിടെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥലം ഉണ്ടോ എന്ന് അറിയിക്കണം എന്ന് ആവ്യപ്പെട്ട് സർക്കാർ അറിയിപ്പ് വന്നത്. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥലത്തനായി കാത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഒപ്പം സ്വകാര്യ സ്ഥലങ്ങൾ ലഭിക്കുമോയെന്നുള്ള നോട്ടവും നടക്കുന്നുണ്ട്. സ്ഥലം ലഭ്യമാകാത്തതിനാൽ ടെസ്റ്റ് ഗ്രൗണ്ടിനായി കാത്തിരിപ്പ് നീളും.

..........

രണ്ട് സ്ഥലങ്ങൾ

നിലവിൽ ടെസ്റ്റ് നടക്കുന്ന രണ്ടു സ്ഥലങ്ങൾ മാവേലിക്കര മണ്ഡലത്തിലുണ്ട്. ഒന്ന് കരിമുളയ്ക്കൽ പഞ്ചായത്തുവക സ്ഥലമാണ്. ഇവിടെ മിനി സവിൽസ്റ്റേഷൻ നിർമ്മാണത്തിന് തറക്കല്ലിട്ടിരിക്കുകയാണ്. രണ്ടാമത്തേത് മാവേലിക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കണ്ടിയൂർ കാളചന്തയിലെ ഗ്രൗണ്ടാണ്. അവിടേയും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ക്രമീകരണം അനുവദിക്കില്ല. ഇവിടെ പുതിയ കെട്ടിടനിർമ്മാണം നടത്താനുള്ള സർവ്വേ കഴിഞ്ഞു. എന്നാൽ മാവേലിക്കര താലൂക്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിൽ നിരവധി ഏക്കർ വസ്തുവകകൾ കിടപ്പുണ്ട്. സർക്കാരിൽ സമ്മർദ്ദം ചെലുത്തി ജനപ്രതിനിധികൾ മനസുവെച്ചാൽ ഒരു ഏക്കർഭൂമി വാഹനവകുപ്പിന് ലഭ്യമാക്കാൻ കഴിയും.

.........

''എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കത്ത് നൽകിയിട്ടുണ്ട്. ചുനക്കര പഞ്ചായത്ത് മാത്രമാണ് സ്ഥലം ഉണ്ടെന്ന് അറിയിച്ചിട്ടുള്ളത്. മറ്റ് പഞ്ചായത്തുകൾ സ്ഥലം ഇല്ലെന്ന് തന്നെ അറിയിച്ച് മറുപടി നൽകി. ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ സ്വകാര്യ സ്ഥലം ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്. ഈ രണ്ട് വിവരങ്ങളും ഉന്നത തലത്തിൽ അറിയിച്ചിട്ടുണ്ട്.

എം.ജി മനോജ്, ജോ.ആർ.ടി.ഒ, മാവേലിക്കര