
അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ പേരൂർ കോളനിയിൽ ജോമോൻ (26) പിടിയിലായി. വിലക്ക് ലംഘിച്ച് പേരൂർ കോളനിയിലെ വീട്ടിനടുത്തെത്തിയ ജോമോൻ, പൊലീസിനെ കണ്ടതും ബൈക്ക് ഉപേക്ഷിച്ച് പള്ളാത്തുരുത്തി പാലത്തിന് സമീപത്തേക്ക് ഓടിമറഞ്ഞു. തുടർന്ന് കുറുവ പാടത്തേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമൽ ബോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എൽ.ആനന്ദ്, സന്തോഷ്, എ.എസ്.ഐ രമേഷ് ബാബു, അനസ്, എസ്.സി.പി.ഒ രാജേഷ്, സജു, അമർജ്യോതി, ഷഫീക്ക് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.